നിലമ്പൂർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ അമ്മ അന്തരിച്ചു
2016 നവംബർ 24നാണ് നിലമ്പൂർ കരുളായി വരയൻമലയിൽ വെച്ച് കുപ്പു ദേവരാജ്, അജിത എന്നിവർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്
നിലമ്പൂർ: നിലമ്പൂർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ അമ്മ അമ്മിണി അമ്മാൾ അന്തരിച്ചു. 91 വയസ്സായിരുന്നു.
കുപ്പു ദേവരാജിന്റെ മരണത്തിൽ സർക്കാരിനെതിരെ നടത്തിയ പോരാട്ടങ്ങൾക്ക് മുന്നിലുണ്ടായിരുന്ന ആളാണ് അമ്മിണി അമ്മാൾ. കോഴിക്കോട് പൊതുശ്മശാനത്തിൽ ദഹിപ്പിച്ച മൃതദേഹത്തിന് മുന്നിൽ മുഷ്ടി ചുരുട്ടി രക്താഭിവാദ്യങ്ങളർപ്പിച്ച് അമ്മിണി അമ്മ അന്നവിടെ നിന്ന് മടങ്ങിയത് വാർത്തകളിലിടം പിടിച്ചിരുന്നു.
2016നവംബർ 24നാണ് നിലമ്പൂർ കരുളായി വരയൻമലയിൽ വെച്ച് കുപ്പു ദേവരാജ്, അജിത എന്നിവർ പൊലീസ് ഏറ്റമുട്ടലിൽ കൊല്ലപ്പെടുന്നത്. പൊലീസിനെതിരെ മാവോയിസ്റ്റുകൾ എ.കെ 47, പമ്പ് ആക്ഷൻ ഗൺ എന്നിവ ഉപയോഗിച്ചിരുന്നതായാണ് പൊലീസ് ക്രൈംബ്രാഞ്ചിന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
എന്നാൽ നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ അല്ലെന്നായിരുന്നു മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയുടെ അന്വേഷണ റിപ്പോർട്ട്. മാവോയിസ്റ്റ് ആക്രമണത്തെ പൊലീസ് പ്രതിരോധിച്ചപ്പോഴാണ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതെന്നായിരുന്നു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കലക്ടർ കണ്ടെത്തിയത്.