നൂറു ദിന കര്‍മ്മപരിപാടി വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തില്‍ പിണറായി സര്‍ക്കാര്‍
പ്രധാന പ്രഖ്യാപനമായ 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴില്‍ നൽകുന്ന പദ്ധതിയുടെ രൂപരേഖ കെ-ഡിസ്‌കിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കി വരികയാണ്
അധികാരമേറ്റ ഉടന്‍ പ്രഖ്യാപിച്ച നൂറു ദിന കര്‍മ്മപരിപാടി വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ . പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരള ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രധാന പ്രഖ്യാപനമായ 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴില്‍ നൽകുന്ന പദ്ധതിയുടെ രൂപരേഖ കെ-ഡിസ്‌കിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കി വരികയാണ്.
ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ മൂലം സമ്പദ്ഘടനയ്ക്കുണ്ടായ തളര്‍ച്ചയെ മറികടക്കാനായിരിന്നു രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ 100 ദിന കര്‍മ്മപരിപാടി പ്രഖ്യാപിച്ചത്.ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കുമെന്നതായിരിന്നു പ്രധാന പ്രഖ്യാപനം.വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങള്‍ നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിന്‍റെ പകുതിയോളം തൊഴില്‍ അവസരങ്ങള്‍ ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. റീബിൽഡ് കേരളയിലൂടെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഒമ്പത് റോഡുകളുടെ പണി ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പും.12000 ത്തോളം പട്ടയങ്ങളുടെ വിതരണം സെപ്തംബര്‍ ആദ്യവാരം നടത്തുമെന്ന് റവന്യൂവകുപ്പും വ്യക്തമാക്കുന്നുണ്ട്.
12000 പട്ടയമായിരുന്നു വാഗ്ദാനമെങ്കില്‍ അതില്‍ കൂടുതല്‍ നല്‍കുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 25,000 ഹെക്ടറിൽ ജൈവകൃഷി,പ്രവാസികൾക്കായി 100 കോടി രൂപയുടെ വായ്പപദ്ധതി തുടങ്ങിയവും ആരംഭിച്ചിട്ടുണ്ട്.വീട്ടമ്മമാര്‍ക്ക് പെന്‍ഷന് നല്‍കാനുള്ള പദ്ധതിയുടെ കരടും തയ്യാറായി വരുന്നുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടാകും.ഇതിന് പുറമെ കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.