ഗവർണർ അനുവദിച്ച സമയം പകുതി പിന്നിട്ടിട്ടും പ്രതികരിക്കാതെ വിസിമാര്‍; നിയമോപദേശം ലഭിച്ച ശേഷം മറുപടിയെന്ന് നിലപാട്
വിശദീകരണം ലഭിച്ച ശേഷം അത് പരിശോധിക്കുമെങ്കിലും വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനായിരിക്കും ഗവര്‍ണര്‍ തീരുമാനമെടുക്കുക
തിരുവനന്തപുരം: വിശദീകരണം നല്‍കാന്‍ അനുവദിച്ച സമയം പകുതി പിന്നിട്ടിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതെ വൈസ് ചാന്‍സിലര്‍മാര്‍. വിശദമായ നിയമോപദേശം ലഭിച്ച ശേഷം മറുപടി നല്‍കിയാല്‍ മതിയെന്നാണ് വിസിമാരുടെ നിലപാട്. വിശദീകരണം ലഭിച്ച ശേഷം അത് പരിശോധിക്കുമെങ്കിലും വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനായിരിക്കും ഗവര്‍ണര്‍ തീരുമാനമെടുക്കുക.
കഴിഞ്ഞ 25നാണ് നവംബര്‍ മൂന്നിനകം മറുപടി നല്‍കണമെന്ന് കാട്ടി വൈസ് ചാന്‍സലര്‍മാര്‍ക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കത്ത് നല്‍കിയത്. എന്തുകൊണ്ട് നിര്‍ദേശിച്ച സമയത്തിനകം രാജിവച്ചില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കണം. നിയമനം ചട്ടവിരുദ്ധമല്ലെങ്കില്‍ അതും വൈസ് ചാന്‍സിലര്‍മാര്‍ തന്നെ വിശദമാക്കണമെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. എന്നാല്‍ എല്ലാത്തരം നിയമവശങ്ങളും പരിശോധിച്ച് സര്‍ക്കാര്‍തലത്തില്‍ കൂടിയാലോചകളും നടത്തിയ ശേഷം നവംബര്‍ മൂന്നിനോടടുത്ത് വിശദീകരണം മതി എന്ന നിലപാടിലാണ് വി.സിമാര്‍. തങ്ങള്‍ എന്ത് തെറ്റ് ചെയ്തു എന്ന മറു ചോദ്യം ഏകകണ്ഠേന വിസിമാര്‍ ഗവര്‍ണറോട് ഉന്നയിക്കും.
ചട്ടവിരുദ്ധമായി തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും ചാന്‍സലറുടെ അനുമതിയോട് കുടിയാണ് സ്ഥാനത്ത് ഇതുവരെ തുടര്‍ന്നതെന്നും വിസിമാര്‍ വിശദീകരിക്കും. സര്‍ക്കാരിന്‍റെ പൂര്‍ണ്ണ പിന്തുണ ഉള്ളത് കൊണ്ട് അനുനയത്തിന്‍റെ പാതിയിലുള്ള മറുപടി ആയിരിക്കില്ല വിസിമാര്‍ നല്‍കുന്നത്. എന്നാല്‍ വിസിമാരുടെ വിശദീകരണം എന്തായാലും കടുത്ത നടപടി സ്വീകരിക്കാന്‍ തന്നെ ആയിരിക്കും ഗവര്‍ണറുടെ തീരുമാനം. സര്‍ക്കാരുമായി ഒരു തരത്തിലുള്ള വിട്ട് വീഴ്ചയ്ക്കും തയ്യാറാകാതെ നില്‍ക്കുന്ന ഗവര്‍ണറില്‍ നിന്ന് വിസിമാര്‍ക്ക് അനുകൂല നിലപാട് സര്‍ക്കാരും പ്രതീക്ഷിക്കുന്നില്ല. നാലാം തീയതി തലസ്ഥാനത്ത് തിരികെ എത്തിയ ശേഷം മാത്രമേ ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള തുടര്‍ നടപടികള്‍ ഉണ്ടാകൂ. നിലവിലുള്ള വിസിമാരെ പുറത്താക്കിയാല്‍ പകരം ചുമതല നല്‍കാനുള്ള ആളുകളെ കുറിച്ചുള്ള ചര്‍ച്ചകളും രാജ്ഭവനില്‍ ആരംഭിച്ചിട്ടുണ്ട്. ഗവര്‍ണറുടെ നടപടികള്‍ അറിഞ്ഞ ശേഷം പ്രതിഷേധം കടുപ്പിക്കണമോ എന്ന കാര്യത്തില്‍ സര്‍ക്കാരും മുന്നണിയും തീരുമാനമെടുക്കും.