വ്യാജ സർട്ടിഫിക്കറ്റ് കേസ്; മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു
കോളജിന്റെ പരാതിയിൽ കെ. വിദ്യക്കെതിരെ കേസെടുത്തിരുന്നു.
കൊച്ചി: മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് ആണ് മൊഴി രേഖപ്പെടുത്തിയത്.
വ്യാജരേഖ ചമച്ച സംഭവത്തിൽ മഹാരാജാസ് കോളജ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് നൽകിയ പരാതിയിൽ കെ. വിദ്യക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തത്.
അട്ടപ്പാടി സർക്കാർ കോളജിലും കാസർകോട് കരിന്തളം ഗവ. കോളജിലുമാണ് കാസർകോട് സ്വദേശിനിയായ കെ. വിദ്യ വ്യാജ രേഖ കാണിച്ച് നിയമനം നേടിയത്. 2018- 19, 2020-21 വർഷങ്ങളിൽ മഹാരാജാസിൽ ഗസ്റ്റ് ലക്ചറായിരുന്നുവെന്ന് കാണിച്ചായിരുന്നു തട്ടിപ്പ്.
വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലത്തിലും മറ്റ് വിവരങ്ങളിലും അട്ടപ്പാടി സർക്കാർ കോളജിലെ അധികൃതര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളജിനെ ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവർ ഗസ്റ്റ് ലക്ചറായി ജോലി ചെയ്തിട്ടില്ലെന്ന് മനസിലായത്.
മഹാരാജാസിലെ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായിരുന്നെന്നാണ് രേഖകളിലുള്ളത്. എന്നാല്‍ പത്തു വര്‍ഷത്തിനിടെ മലയാളം വിഭാഗത്തില്‍ ഇത്തരത്തില്‍ നിയമനം നടന്നിട്ടില്ലെന്നാണ് മഹാരാജാസ് കോളജ് അധികൃതര്‍ വ്യക്തമാക്കിയത്.
2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് കരിന്തളം ഗവ. കോളജിൽ ഗസ്റ്റ് ലക്ച്ചറായി വിദ്യ ജോലി ചെയ്തത്. ഒരു അധ്യയന വർഷം പൂർണമായും ജോലി ചെയ്തു.