സ്വിഫ്റ്റ് ബസ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ തൂണുകൾക്കിടയിൽ കുടുങ്ങി
കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ അശാസ്ത്രീയ നിർമാണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ബസ് കുടുങ്ങിയത്.
കോഴിക്കോട്: സ്വിഫ്റ്റ് ബസ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങി. രാവിലെ ബെംഗളൂരുവിൽനിന്നെത്തിയ ബസാണ് കുടുങ്ങിയത്. വീണ്ടും ബെംഗളൂരുവിലേക്ക് സർവീസ് നടത്തേണ്ട ബസാണിത്. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ അശാസ്ത്രീയ നിർമാണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ബസ് കുടുങ്ങിയത്.
ബസ് പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സാധാരണ കെഎസ്ആർടിസി ബസുകൾ തന്നെ ഇവിടെ പാർക്ക് ചെയ്യുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണ്. തൂണുകൾക്കിടയിൽ ബസ് കുടുങ്ങിയതോടെ ബെംഗളൂരുവിലേക്ക് മറ്റൊരു ബസ് ഏർപ്പാടാക്കിയിരിക്കുകയാണ് കെഎസ്ആർടിസി.
നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തിൽ ബസ് സ്റ്റാൻഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിച്ചത്. ബിഒടി അടിസ്ഥാനത്തിൽ കെടിഡിഎഫ്‌സിയാണ് 76 കോടിയോളം രൂപ ചെലവിൽ സമുച്ചയം പണിതത്.