പാർട്ടി ഫണ്ട് നൽകിയില്ല; തിരുവല്ലയിൽ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹോട്ടൽ അടിച്ചു തകർത്തതായി പരാതി
പരാതിയിൽ കഴമ്പില്ലെന്നും ദമ്പതികൾ തന്നെയാണ് ആക്രമിച്ചതെന്നും ബ്രാഞ്ച് സെക്രട്ടറി
തിരുവല്ല: പാർട്ടി ഫണ്ട് നൽകാത്തതിനെ തുടർന്ന് തിരുവല്ലയിൽ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹോട്ടൽ അടിച്ചു തകർത്തതായി പരാതി. മന്നംകരച്ചിറ ജംഗ്ഷന് സമീപമുളള ശ്രീമുരുകൻ ഹോട്ടലാണ് അടിച്ചു തകർത്തത്. സി.പി.ഐ മന്നംകരച്ചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
ഹോട്ടൽ ഉടമകളും നെയ്യാറ്റിൻകര സ്വദേശികളുമായ മുരുകൻ, ഉഷ ദമ്പതിമാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവർ.തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ എത്തിയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തിയായി മുരുകൻ പറഞ്ഞു.
അതേ സമയം പരാതിയിൽ കഴമ്പില്ലെന്നും ദമ്പതികൾ തന്നെയാണ് ആക്രമിച്ചതെന്ന് കുഞ്ഞുമോൻ മീഡിയവണിനോട് പറഞ്ഞു. 'പാർട്ടിയുടെ പ്രവർത്തനഫണ്ട് പിരിക്കാനാണ് ഹോട്ടലിൽ പോയത്. ഉള്ളത് തരാനാണ് പറഞ്ഞത്. അവരാണ് ഞങ്ങളെ തെറിവിളിച്ചത്. അതിന് ശേഷം ഞങ്ങൾ കടയിൽ നിന്ന് പോന്നു. മിനിഞ്ഞാനാണ് കടയിൽ ഏൽപിച്ച ബുക്ക് വാങ്ങാൻ വേണ്ടി പോയപ്പോൾ അവർ തട്ടിക്കയറി. തുടർന്ന് അവർ എന്റെ കഴുത്തിന് പിടിക്കുകയും ചട്ടുകം പഴുപ്പിച്ച് വെക്കുകയും ചെയ്തതായും കുഞ്ഞുമോൻ പറഞ്ഞു.