ദേശീയപാതാ നിര്‍മാണം വില്ലനായി; തിരുവനന്തപുരം- ബംഗുളുരൂ ഗജരാജ് സര്‍വീസ് നിര്‍ത്തി
സ്വിഫ്റ്റ് ആരംഭിച്ചതു മുതല്‍ KS 001, KS 003 എന്നീ രണ്ട് ഗജരാജ് ബസുകളും തലസ്ഥാനത്തിന്റെ അഭിമാന സര്‍വീസായി തുടരുകയായിരുന്നു


തിരുവനന്തപുരം: ദേശീയപാതാ നിര്‍മാണം വില്ലനായതോടെ തിരുവനന്തപുരത്ത് നിന്ന് ബംഗുളുരൂ സര്‍വീസ് നടത്തി വന്ന KSRTC SWIFT ഗജരാജ് ബസുകള്‍ നിര്‍ത്തി. തമ്പാനൂരിൽ നിന്ന് വൈകുന്നേരം 5.30ക്ക് പുറപ്പെടേണ്ട ബസ് നാളെ മുതല്‍ എറണാകുളത്ത് നിന്നാണ് സര്‍വീസ് നടത്തുക. എന്നാല്‍ കണിയാപുരത്ത് നിന്ന് നാഗര്‍കോവില്‍ വഴി ബെംഗളൂരു സര്‍വീസ് നടത്തുന്ന ബസുകള്‍ തുടര്‍ന്നും സര്‍വീസ് നടത്തും.
സ്വിഫ്റ്റ് ആരംഭിച്ചതു മുതല്‍ KS 001, KS 003 എന്നീ രണ്ട് ഗജരാജ് ബസുകളും തലസ്ഥാനത്തിന്റെ അഭിമാന സര്‍വീസായി തുടരുകയായിരുന്നു. ആദ്യ കാലത്ത് 1.40 ലക്ഷം രൂപയായിരുന്നു തിരുവനന്തപുരത്ത് നിന്ന പുറപ്പെട്ട് ബംഗുളുരു എത്തി തിരികെ തിരുവനന്തപുരത്ത് എത്തുമ്പോഴുണ്ടാകുന്ന വരുമാനം. ദേശീയപാതാ നിര്‍മാണം തുടങ്ങിയതോടെ തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെയുള്ള യാത്ര ദുഷ്കരമായി. രാവിലെ 8 മണിക്ക് ബംഗുളുരു എത്തേണ്ട ബസ് 11 മണിക്ക് ശേഷമായി എത്തുന്ന സമയം. ഇതോടെ തിരുവനന്തപുരത്ത് നിന്ന ആളു കയറുന്നത് കുറഞ്ഞു. വരുമാനം ഇടിഞ്ഞ് 85,000 രൂപയായി. ഇതോടെയാണ് ബസും ക്രൂവും ഉള്‍പ്പെടെ എറണാകുളത്തേക്ക് മാറ്റിയത്.
കണിയാപുരം ഡിപ്പോയില്‍ നിന്ന് തമിഴ്നാട് വഴി പോകുന്ന ഗജരാജ് ബസുകള്‍ തുടര്‍ന്നും സര്‍വീസിലുണ്ടാവും. ഇതിന്റെ വരുമാനവും ഇതു വഴി വര്‍ധിപ്പിക്കാനാവുമെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. എന്നാല്‍ തമ്പാനൂരിൽ നിന്നുള്ള ബസുകള്‍ എംസി റോഡ് വഴി വൈറ്റില കയറി പോയാല്‍ കൃത്യ സമയത്ത് എത്താന്‍ പറ്റുമെന്ന ബദല്‍ വാദവും ഉയരുന്നുണ്ട്.