കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ച സംഭവം: അപകടത്തിന് കാരണം അമിത വേഗത

കാര്‍ ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കല്ലമ്പലം പൊലീസ് കേസെടുത്തു

Update: 2023-03-09 03:29 GMT
Advertising

തിരുവനന്തപുരം: കല്ലമ്പലത്ത് വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം കാറിന്‍റെ അമിത വേഗതയെന്ന് പൊലീസ്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കല്ലമ്പലം കെ.ടി.സി.ടി കോളജിന് സമീപം അപകടമുണ്ടായത്. ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കല്ലമ്പലം പൊലീസ് കേസെടുത്തു.

കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്ത് നിന്ന വിദ്യാര്‍ഥിനികളുടെ ഇടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍. കാറിന് മുന്നില്‍ പോയ ബസ് നിര്‍ത്തിയപ്പോള്‍ ഇടത്ത് വശത്തുകൂടി വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ കെ.ടി.സി.ടി കോളജിലെ എം.എ വിദ്യാര്‍ഥിനി സ്രേഷ്ട എം വിജയ്ക്ക് ജീവന്‍ നഷ്ടമായി. പത്തിലേറെ കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഈ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തിന് ഇടയാക്കിയ കാറില്‍ ഡ്രൈവറും കാറിന്റെ ഉടമയും മറ്റൊരാളും ഉണ്ടായിരുന്നു. ആറ്റിങ്ങൽ മാമത്തെ വിജയകുമാറിന്റെ മകളാണ് മരിച്ച ശ്രേഷ്ട. പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വീട്ടിലേക്ക് കൊണ്ടുവരും. അതിനിടെ അപകടത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ച് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് മോശമായി പെരുമാറിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News