തൃശൂരല്ല, തിരോന്തരം; തരൂരിന്‍റെ ഓവര്‍ടേക്ക്
തരൂരിന്‍റെ ലീഡ് പതിനായിരത്തിലേക്ക് അടുത്തിരിക്കുകയാണ്
തൃശൂര്‍: ആദ്യം മുതല്‍ ഫലസൂചനകള്‍ മാറിമറിഞ്ഞ തിരുവനന്തപുരത്ത് അവസാന ലാപ്പില്‍ തരൂരിന്‍റെ ഓവര്‍ടേക്ക്. ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖറിനെ പിന്നിലാക്കി ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. തരൂരിന്‍റെ ലീഡ് പതിനായിരത്തിലേക്ക് അടുത്തിരിക്കുകയാണ്.
വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ചില ഘട്ടങ്ങളില്‍ മാറിമറിഞ്ഞെങ്കിലും രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ഭൂരിഭാഗം സമയത്തും ലീഡ് നിലയില്‍ മുന്നിട്ട് നിന്നത്. ഒരു റൗണ്ടില്‍ പോലും ലീഡ് പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് കഴിഞ്ഞില്ല. ഓരോ ഘട്ടത്തിലും രാജീവിന്‍റെ ലീഡ് നില ഉയരുമ്പോഴും ശുഭപ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. 10 റൗണ്ട് വരെ ലീഡ് ഉയര്‍ന്നാലും 11-ാമത്തെ റൗണ്ടില്‍ അനന്തപുരിക്കാര്‍ കൈ പിടിക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്.
2014 ൽ നാലാം റൗണ്ട് എണ്ണുമ്പോൾ 10000 മുകളിലായിരുന്നു എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന രാജഗോപാൽ ലീഡ്.എന്നാൽ 11-ാമത്തെ റൗണ്ട് മുതൽ ശശി തരൂര് ലീഡ് നില ഉയർത്തുകയും വിജയിച്ച് കയറുകയുമായിരുന്നു. 15470 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യു.ഡി.എഫ് സ്ഥാനാർഥിയായ ശശി തരൂരിന്റെ വിജയം. 2014 വീണ്ടും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
അതേസമയം പറഞ്ഞതുപോലെ സുരേഷ് ഗോപി തൃശൂര്‍ എടുത്തിരിക്കുകയാണ്. 72699 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്‍റെ തുടക്കം തൃശൂര്‍ എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കിലും തുടര്‍ന്ന് സുരേഷ് ഗോപിയുടെ തേരോട്ടമാണ് കണ്ടത്.