'എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അഴിമതി നടത്തുന്ന സർക്കാരാണിത്'; പി.കെ ഫിറോസ്
ജനങ്ങളിൽ നിന്ന് പണം പിരിക്കാൻ സ്വകാര്യ കമ്പനിയിൽ നിന്ന് ആരെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരികെ വാങ്ങണമെന്നും ഫിറോസ് പറഞ്ഞു
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അഴിമതി നടത്തുന്ന സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. സ്വകാര്യ കമ്പനിക്ക് ജനങ്ങളിൽ നിന്ന് പണം പിരിക്കാൻ എങ്ങനെയാണ് സർക്കാരിന് അനുവാദം കൊടുക്കാൻ കഴിയുക എന്ന് ചോദിച്ച ഫിറോസ് ഇതിനായി സ്വകാര്യ കമ്പനിയിൽ നിന്ന് ആരെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരികെ വാങ്ങണമെന്നും പറഞ്ഞു.
അഴിമതിക്കെതിരെയുള്ള സമരത്തിന്റെ മുന്നണിപ്പോരാളിയായി യൂത്ത് ലീഗ് ഉണ്ടാകുമെന്നും ഒരു കൃത്രിമ ബുദ്ധിക്കും പ്രതിരോധിക്കാൻ കഴിയാത്ത രീതിയിൽ സമരം കൊണ്ടുപോകാൻ പ്രതിപക്ഷത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഊരാളുങ്കൽ കമ്പനിക്ക് എങ്ങിനെയാണ് കരാർ ലഭിക്കുന്നതെന്നും 150 കോടിയുടെ അഴിമതിയാണ് ഇതിലുള്ളതെന്നും ആരോപിച്ച ഫിറോസ് രണ്ടാം ലാവലിൻ എന്ന് വിളിക്കാൻ കഴിയുന്ന അഴിമതിയാണിതെന്നും കേരളത്തിന്റെ മുഖ്യമന്ത്രി ഇതിൽ ഒന്നും പറയുന്നില്ലെന്നും പറഞ്ഞു.