തൊടുപുഴ ബിജു വധക്കേസ്: നിര്‍ണായകമായി ഒന്നാം പ്രതി ജോമോന്‍റെ കോള്‍ റെക്കോര്‍ഡ്
ജോമോന്‍റെ ഭാര്യയുടെ അറസ്റ്റ് ഉടനെന്ന് സൂചന


ഇടുക്കി: തൊടുപുഴ ബിജു വധക്കേസിൽ നിർണായക തെളിവായി ഒന്നാംപ്രതി ജോമോൻ്റെ കോൾ റെക്കോർഡ്. കൊലപാതത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ജോമോൻ വിളിച്ച ആളുകളുടെയും മൊഴിയെടുക്കും.ജോമോൻ്റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടാകുമെന്ന് സൂചന .പ്രതികൾക്കായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും.
കൊലപാതകം ആസൂത്രിതമാണെന്ന കണ്ടെത്തൽ ശരിവെക്കും വിധമുള്ള സംഭാഷണങ്ങളാണ് ജോമോൻ്റെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചത്. കൃത്യത്തിന് ശേഷം കുറ്റബോധമില്ലാതെയായിരുന്നു ജോമോൻ്റെ സംസാരമെന്നും മൃതദേഹം വീണ്ടെടുക്കാൻ കഴിയില്ലെന്ന ആത്മ വിശ്വാസം സംഘത്തിനുണ്ടായിരുന്നെന്നുമാണ് ലഭ്യമാകുന്ന വിവരം. ജോമോൻ ഫോണിൽ സംസാരിച്ചവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇവരിൽ നിന്ന് മൊഴിയെടുക്കുന്നതിനൊപ്പം ശബ്ദത്തിൻ്റെ ആധികാരിക പരിശോധനയും നടത്തും. ജോമോനൊപ്പം കൂട്ടുപ്രതികളായ മുഹമ്മദ് അസ്ലം,ജോമിൻ,ആഷിഖ് എന്നിവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനിടെ ജോമോനും സംഘവും ഒമ്നി വാനിൽ ബിജുവിനെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ മീഡിയ വണിന് ലഭിച്ചു. വെങ്ങല്ലൂർ ജംഗ്ഷനിലൂടെ കടന്നു പോകുന്ന വാഹനത്തിൻ്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.
പുലർച്ചെയാണ് വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ സുഹൃത്തിൻ്റെ ഒമ്നി വാനിലെത്തിയ പ്രതികൾ തട്ടിക്കൊണ്ടുപോയത്. ഈ വാൻ നേരത്തെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാം പ്രതി ജോമോൻ്റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. ബിജുവിനെ ആദ്യമെത്തിച്ചത് ജോമോൻ്റെ വീട്ടിലാണെന്നും വിവരങ്ങൾ ഇവർക്കറിയാമായിരുന്നെന്നുമാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.