തീകൊളുത്തുന്നതിന് മുമ്പ് വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു; ജനലും വാതിലും കുറ്റിയിട്ടു-തൊടുപുഴയിലേത് ആസൂത്രിത കൊലപാതകം
ഏറെക്കാലമായി ഹമീദും മക്കളും തമ്മിൽ കുടുംബവഴക്ക് നിലനിന്നിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഹമീദ് സ്വത്തെല്ലാം മക്കൾക്ക് നൽകിയിരുന്നു. ഹമീദിന് ചെലവിന് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നിരുന്നത്. ഇത് മക്കൾ അംഗീകരിച്ചിരുന്നില്ല. ഇതാണ് ഒടുവിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.
തൊടുപുഴയിൽ പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്തിയത് അതിക്രൂരമായി. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരാണ് മരിച്ചത്. കൊലനടത്തിയ ഹമീദും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. രാത്രി ഒരുമണിയോടെ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് പുറത്തിറങ്ങി ജനലിലൂടെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ ജനലും വാതിലും കുറ്റിയിട്ടിരുന്നു. വെള്ളവും വൈദ്യുതി വിച്ഛേദിച്ച ശേഷമാണ് തീയിട്ടത്.ഫൈസലിന്റെയും മക്കളുടെയും മൃതദേഹങ്ങൾ ബാത്ത്‌റൂമിലാണ് കിടന്നിരുന്നത്. തീപിടിച്ചപ്പോൾ വെള്ളമൊഴിക്കാൻ ഇവർ ബാത്ത്‌റൂമിലേക്ക് ഓടുകയായിരുന്നു എന്നാണ് കരുതുന്നത്. എന്നാൽ വെള്ളത്തിന്റെ കണക്ഷൻ വിച്ഛേദിച്ചതിനാൽ അതിനായില്ല. ഷീബയുടെ മൃതദേഹം വാതിലിനടത്താണ് കിടന്നിരുന്നത്. ഫൈസലിന്റെ മൃതദേഹം രണ്ടുമക്കളെയും കെട്ടിപ്പിടിച്ച നിലയിലായിരുന്നു.
ഏറെക്കാലമായി ഹമീദും മക്കളും തമ്മിൽ കുടുംബവഴക്ക് നിലനിന്നിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഹമീദ് സ്വത്തെല്ലാം മക്കൾക്ക് നൽകിയിരുന്നു. ഹമീദിന് ചെലവിന് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം നടന്നിരുന്നത്. ഇത് മക്കൾ അംഗീകരിച്ചിരുന്നില്ല. ഇതാണ് ഒടുവിൽ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. നിരവധി തവണ സമവായശ്രമങ്ങൾ നടന്നിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരെ കത്തിച്ചുകളയുമെന്ന് ഹമീദ് പലരോടും പറഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു.
കൊലപാതകം നടത്തിയതിന് ശേഷം ഹമീദ് ഫോണിൽ നാട്ടുകാരെ വിളിക്കുകയായിരുന്നു. താൻ കിഴക്കംപാടത്തുണ്ടെന്നും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോവുകയാണെന്നും പറഞ്ഞു. തുടർന്ന് നാട്ടുകാരും പൊലീസും അങ്ങോട്ട് പോയി ഇയാളെ പിടികൂടുകയായിരുന്നു.