തൊടുപുഴ നഗരസഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്
നാടകീയ സംഭവങ്ങൾ ഉണ്ടായില്ലെങ്കിൽ നഗരസഭാ ഭരണം യുഡിഎഫിന് ലഭിക്കും
ഇടുക്കി: രാഷ്ട്രീയ നിലപാടുകൾ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ഇടുക്കി തൊടുപുഴ നഗരസഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നാടകീയ സംഭവങ്ങൾ ഉണ്ടായില്ലെങ്കിൽ നഗരസഭാ ഭരണം യുഡിഎഫിന് ലഭിക്കും. എൽഡിഎഫ് ഭരിച്ചിരുന്ന നഗരസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയോടെ പാസായിരുന്നു. അട്ടിമറിയിലാണ് എൽഡിഎഫ് പ്രതീക്ഷ.
രൂക്ഷമായ കോൺഗ്രസ് മുസ്‍ലിം ലീഗ് പോരിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ്.യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. ചെയർപേഴ്സൺ സബീന ബിഞ്ചുവിനെതിരെയുള്ള പ്രമേയത്തെ നാല് ബി.ജെ.പി കൗൺസിലർമാരും പിന്തുണച്ചതോടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. വിവാദങ്ങൾ ഒഴിവാക്കാൻ യുഡിഎഫ് സംസ്ഥാന നേതൃത്വമാണ് ചെയർമാൻ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. കോൺഗ്രസിലെ കെ.ദീപക്കാണ് യുഡിഎഫ് സ്ഥാനാർഥി.
മിനി മധുവാണ് എൽഡിഎഫിനായി മത്സര രംഗത്തുള്ളത്. 35 അംഗ കൗൺസിലിൽ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. സ്വതന്ത്രൻ ഉൾപ്പെടെ 14 പേരുടെ പിന്തുണ യുഡിഎഫിനും 12 പേരുടെ പിന്തുണ എൽഡിഎഫിനുമുണ്ട്. യുഡിഎഫിനെ പിന്തുണച്ചതിന് സസ്പെൻ്റ് ചെയ്ത നാല് പേരുൾപ്പെടെ ബിജെപിക്ക് എട്ട് അംഗങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് ഇവർക്ക് നേതൃത്വം നൽകിയിരിക്കുന്ന നിർദേശം.