കോഴ ആരോപണം: ഉചിതമായ അന്വേഷണം വേണമെന്ന് സിപിഐ
കാലിച്ചന്തയിൽ പണം കൊടുത്ത് കാലികളെ വാങ്ങുന്നപോലെ എംഎൽഎമാരെ വിലയ്‌ക്കെടുക്കുന്നത് കേരളത്തില്‍ അനുവദിക്കില്ലെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: കോഴ ആരോപണത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണം ശെരിയാണെങ്കിൽ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. വാർത്ത ശരിയെങ്കിൽ കേരളം അത് വെച്ചു പൊറുപ്പിക്കാൻ പാടില്ല. കാലിച്ചന്തയിൽ പണം കൊടുത്ത് കാലികളെ വാങ്ങുന്നപോലെ എംഎൽഎമാരെ വിലയ്‌ക്കെടുക്കുന്നത് കേരളത്തിലില്ല. അത് ഇവിടെ നടത്താൻ അനുവദിക്കില്ല. ആരോപണത്തിൽ ഉചിതമായ അന്വേഷണം വേണമെന്നാണ് സിപിഐ നിലപാട്. പണം കൊടുത്തു വാങ്ങാൻ എൽഡിഫിന്റെ എംഎൽഎമാർ വില്പന പണ്ടങ്ങളല്ല. പണം കാട്ടി വിളിക്കുമ്പോൾ പോകുന്നവരല്ല എൽഡിഎഫിലെ എംഎൽഎമാർ. അന്വേഷണം നടക്കട്ടെ. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം വിഷയം പാർട്ടി ചർച്ചചെയ്യുമെന്ന് മന്ത്രിയും എൻസിപി നേതാവുമായ എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം. ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണത്തിലുണ്ടായിരുന്നു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് തോമസ് കെ. തോമസ് പ്രതികരിച്ചത്. മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങൾ ഉയർന്നു വന്നതെന്ന് പറഞ്ഞ അദ്ദേഹം, ആരോപണങ്ങൾക്കു പിന്നിൽ ആൻ്റണി രാജുവാണെന്നും ആരോപിച്ചിരുന്നു.