പണം തിരഞ്ഞ് ക്ഷീണിച്ച് ഉറങ്ങിപോയി; കള്ളനെ കയ്യോടെ പൊക്കി പൊലീസ്
ഏറെ നേരത്തെ തിരച്ചിലില്‍ ഒന്നും കിട്ടാതായതോടെ ക്ഷീണിച്ച മോഷ്ടാവ് ഓഫീസ് മുറിയിലെ കിടക്കയെടുത്ത് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ഇട്ട് ഉറങ്ങുകയായിരുന്നു
മലപ്പുറം: പരപ്പനങ്ങാടിയിലെ ഓഡിറ്റോറിയത്തില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാവ് പണം തിരഞ്ഞു മടുത്ത് ഉറങ്ങി പോയി. ഉറങ്ങി കിടന്ന കള്ളനെ ഉടമയും സഹായിയും ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു.വേങ്ങര ഐഡിയല്‍ സ്‌കൂള്‍ റോഡ് നെടുംപറമ്പ് സ്വദേശി വള്ളിക്കാട് വീട്ടില്‍ മുഹമ്മദ് ജുറൈജ് (28)നെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെയാണ് റെയില്‍വെ സ്റ്റേഷനു സമീപത്തെ കെ.കെ. ഓഡിറ്റോറിയത്തിന്റെ വാതില്‍ തകര്‍ത്ത് കള്ളന്‍ അകത്ത് കയറിയത്. മേശയുടെയും അലമാരയുടേയും പൂട്ടു തകര്‍ത്ത് സാധന സാമഗ്രികള്‍ വാരി വലിച്ചിട്ടു. ഏറെ നേരത്തെ തെരച്ചിലില്‍ ഒന്നും കിട്ടാതെ ക്ഷീണിച്ചതോടെ ഓഫീസ് മുറിയിലെ കിടക്കയെടുത്ത് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടിട്ട് സുഖമായുറങ്ങുകയായിരുന്നു.
കളവ് നടന്നതറിഞ്ഞ ഉടമയും സഹായിയും നടത്തിയ തിരച്ചിലിലാണ് ഉറങ്ങിക്കിടന്ന മോഷ്ടാവിനെ കണ്ടെത്തിയത്. ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ക്കെതിരെ വേങ്ങര സ്റ്റേഷനില്‍ 2017 കാലഘട്ടങ്ങളില്‍ രണ്ട് ക്ഷേത്ര മോഷണ കേസുകളും കണ്ണൂര്‍ തലശ്ശേരി സ്റ്റേഷനില്‍ മറ്റൊരു കളവ് കേസും നിലവിലുള്ളതായി പൊലീസ് പറഞ്ഞു