ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസ്: ശശികുമാരൻ തമ്പിയുടെ മുൻകൂർ ജാമ്യഹർജി തള്ളി
തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് തള്ളിയത്. മെക്കാനിക്കായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്
തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ ശശികുമാരൻ തമ്പിയുടെ മുൻകൂർ ജാമ്യഹർജി തള്ളി. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യ ഹർജിയാണ് തള്ളിയത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് തള്ളിയത്. മെക്കാനിക്കായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്.
സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുത്തത്. തട്ടിപ്പിൽ ഇടനിലക്കാരനായിരുന്ന പ്രേംകുമാർ തഹസിൽദാരെന്നായിരുന്നു ഉദ്യോഗാർഥികളോട് പറഞ്ഞിരുന്നത്.ചോദ്യം ചെയ്യലിൽ ശ്യാംലാൽ വ്യക്തമായ മറുപടികൾ നൽകുന്നില്ലെന്ന് അന്വേഷണസംഘം പറയുന്നു.
തട്ടിപ്പിലൂടെ ലഭിച്ച ലക്ഷങ്ങൾ ആഡംബര ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചിരുന്നത്. ആഡംബര കാറായ ഫോർച്യൂണർ രണ്ടാം ഭാര്യക്ക് സമ്മാനമായി നൽകിയെന്നും കണ്ടെത്തി.പേയാട് സ്വദേശിനിയായ ഇവരുടെ പേരിൽ സ്ഥലം വാങ്ങിയതിന്റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. പേരൂർക്കടയിൽ സ്വന്തമായി ജിംനേഷ്യം ആരംഭിച്ചതും തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽ നിന്നാണ്.