'ദിവ്യ സംസാരിച്ച രീതി ശരിയായില്ല, പാലക്കാട് തിരിച്ചുപിടിക്കും': ടി. പി രാമകൃഷ്ണന്‍
എഡിഎമ്മും കുടുംബവും പാർട്ടി ബന്ധമുള്ളവരാണെന്ന് ടി. പി രാമകൃഷ്ണന്‍
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിനെതിരെ യാത്രയയപ്പ് പരിപാടിയിൽ പി.പി ദിവ്യ സംസാരിച്ച രീതി ശരിയായില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഇത് തന്നെയാണ് പാർട്ടി നിലപാടെന്നും അദ്ദേഹം മീഡിയ വണ്ണിനോട് പറഞ്ഞു. ഇതിനെ കുറിച്ച് സമഗ്രഅന്വേഷണം വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും എഡിഎമ്മും കുടുംബവും പാർട്ടി ബന്ധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും രാമകൃഷ്ണൻ വിമർശിച്ചു.
പാലക്കാട് മണ്ഡലം സിപിഎം തിരിച്ചു പിടിക്കുമെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി. കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.സരിനെ പാലക്കാട് മത്സരിപ്പിക്കുന്നതിലും അദ്ദേഹം പ്രതികരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്ലാക്കാലത്തും സ്വതന്ത്ര സ്ഥാനാർഥികളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നായിരുന്നു രാമകൃഷ്ണന്‍റെ മറുപടി. സ്വതന്ത്ര സ്ഥാനാർഥികളെ ജയിപ്പിക്കുക മാത്രമല്ല അവർക്ക് ഉന്നത പദവികൾ നൽകിയിട്ടുണ്ട്. എല്ലാ സന്ദർഭങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും സ്വതന്ത്ര സ്ഥാനാർഥികളെ പ്രോത്സാഹിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സ്വതന്ത്രരെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ധാരണ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിപുലപ്പെടുത്തുക, അടിത്തറ വികസിപ്പിക്കുക എന്നതാണ്. രാഷ്ട്രീയ നിലപാട് സ്വീകരിച്ച് വ്യത്യസ്തമായ ആളുകൾ മുന്നണിയുടേയും പാർട്ടിയുടേയും ഭാഗമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി. സരിൻ സ്വതന്ത്രമായി തീരുമാനിച്ചാണ് കോൺഗ്രസ് വിട്ടത്. പിന്നാലെ അദ്ദേഹത്തെ ഇടതുപക്ഷത്തിന്റെ ഭാഗമാക്കാനാവുമോ എന്ന് പരിശോധിച്ചിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സ്വീകരിക്കാനാവുന്ന രാഷ്ട്രീയ നിലപാടാണ് സരിൻ ഉയർത്തിയത്. കോൺഗ്രസ് ആർഎസ്എസും ബിജെപിയുമായി രഹസ്യ ധാരണകൾ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ സ്വീകരിച്ചിട്ടുണ്ട്. സരിൻ തന്നെ കോൺഗ്രസ് - ബിജെപി ബന്ധത്തെകുറിച്ച് പറയുന്നുണ്ട്. കോൺഗ്രസിനകത്ത് സ്വീകരിച്ച് വരുന്ന വർഗീയ പ്രീണനത്തിനെതിരായ നിലപാട് സ്വീകരിച്ചാണ് സരിൻ പാർട്ടി വിട്ടത്. എല്ലാ വശവും പരിശോധിച്ച് സംഘടനാ സംവിധാനത്തിലൂടെയാണ് സരിനെ സ്ഥാനാർഥിയാക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് സ്ഥാനാർഥികളെ നിർണയിച്ചത്. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരെ പാർട്ടി എന്നും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ബിജെപിക്കും യുഡിഎഫിനും എതിരെയാണ് പാലക്കാട് സിപിഎമ്മിന്റെ മത്സരമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിൽ നിന്ന് പി.വി അൻവറിനെ പുറത്താക്കിയതല്ല അദ്ദേഹം വിട്ടു പോയതാണെന്ന് രാമകൃഷ്ണൻ പറഞ്ഞു. അൻവർ സിപിഎം അംഗമായിരുന്നില്ല. എന്നാൽ ഇടതുപക്ഷവുമായി സഹകരിക്കുന്ന എംഎൽഎയായിരുന്നു. സിപിഎം പാർലമെന്ററി പാർട്ടിയുടെ ഭാഗമായാണ് അൻവർ നിലമ്പൂരിൽ മത്സരിച്ചത്. എന്നാൽ പാർട്ടിക്കും എൽഡിഎഫിനും സർക്കാരിനും എതിരെ പരസ്യമായി അൻവർ ആക്ഷേപം ഉന്നയിക്കുന്ന സ്ഥിതി വന്നു. അദ്ദേഹം തന്നെ പിന്നീട് ഇടതുപക്ഷം വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അൻവറിനെ പാർലമെന്റിറി പാർട്ടിയിൽ നിന്നും ഒഴിവാക്കാൻ ഇടയായത്.
തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സിപിഎം നിലപാട് എടുത്തു എന്ന ആക്ഷേപം കോൺഗ്രസും യുഡിഎഫും ഉന്നയിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ സിപിഎമ്മിന് വോട്ട് വർധിക്കുകയാണുണ്ടായത്. യുഡിഎഫിന് വോട്ട് കുറയുകയാണുണ്ടായത്. കുറഞ്ഞ വോട്ടിനെ കുറിച്ച് എന്നാൽ കോൺഗ്രസ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് കോൺഗ്രസ് കളമൊരുക്കിയത് ബിജെപിയെ ജയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം ബിജെപി ജയിക്കാതിരിക്കാനായി സിപിഎം ഷാഫി പറമ്പിലിന് വോട്ട് ചെയ്തുവെന്ന ആരോപണം രാമകൃഷ്ണൻ നിഷേധിച്ചു. ക്രോസ് വോട്ടിങ്ങിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും രാഷ്ട്രീയം നേർക്കുനേർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ദുരന്തത്തിൽ പ്രതിപക്ഷം ഇടതുപക്ഷവുമായി സഹകരിക്കുന്നില്ലെന്ന വിമര്‍ശനവും രാമകൃഷ്ണൻ ഉന്നയിച്ചു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട ഗൂഢാലോചന പരിശോധിക്കും. റിപ്പോർട്ട് വന്നാൽ നിലപാട് വ്യക്തമാക്കും. എഡിജിപി അജിത് കുമാര്‍ ആർഎസ്എസ് നേതാക്കളെ എന്തിന് കണ്ടു എന്നുള്ളതാണ് വിഷയം. അത് പരിശോധിക്കുന്നുണ്ട്. നാടിന്റെയും ജനങ്ങളുടെയും താൽപര്യത്തിനു വിരുദ്ധമായാണ് കണ്ടതും ചർച്ച നടത്തിയതുമെങ്കിൽ തെറ്റാണ്. അത് പരിശോധനയിലൂടെ ബോധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.