ട്രാവന്‍കൂര്‍ ഷുഗേഴ്സ് തട്ടിപ്പ്; ജാമ്യം ലഭിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ആരോപണം

സ്പിരിറ്റ് മോഷ്ടിച്ച് കടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് തെളിയിക്കുന്ന റിമാന്‍റ് റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചു

Update: 2021-08-17 07:59 GMT
Advertising

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് തട്ടിപ്പിൽ മുൻകൂർ ജാമ്യം ലഭിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ആരോപണം. സ്പിരിറ്റ് മോഷ്ടിച്ച് കടത്തിയത് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് അറസ്റ്റിലായ പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. മോഷണത്തിൽ പങ്കില്ലെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സിലെ ഉന്നത ഉദ്യോഗസ്ഥരായ ജനറല്‍ മാനേജര്‍ അലക്സ് പി. എബ്രഹാം, പേഴ്സണല്‍ മാനേജര്‍ യു.ഹാഷിം , പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ക്ക് ഈ മാസം 11 നാണ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചേര്‍ന്നാണ് സ്പിരിറ്റ് വെട്ടിപ്പ് നടത്തിയതെന്നും മോഷണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഇവര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദത്തെ അപ്പാടെ തള്ളിയ ഹൈക്കോടതി കര്‍ശന ഉപാധികളോടെയാണ് മൂന്നു പേര്‍ക്കും ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെയാണ് സ്പിരിറ്റ് മോഷ്ടിച്ച് കടത്തിയത് ഇവരുടെ അറിവോടെയാണെന്ന് തെളിയിക്കുന്ന റിമാന്‍റ് റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചത്. 

കോടതി നിര്‍ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത തിരുവല്ല പുളിക്കീഴ് സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥരായ പ്രതികള്‍ ഇന്നലെ ഹാജരായി മൊഴി നല്‍കിയിരുന്നു. മോഷണത്തില്‍ പങ്കില്ലെന്നാണ് ഇവർ ആവർത്തിക്കുന്നത്. നേരത്തെ അറസ്റ്റിലായ പ്രതികള്‍ മോഷണം നടത്തിയത് ടി.എസ്.സിയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണന്നും ഇവരുടെ മൊഴിയിലുണ്ട്.

അതേസമയം ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിലെ ഒന്നും രണ്ടും പ്രതികളായ ടാങ്കർ ലോറി ഡ്രൈവർമാർ അറസ്റ്റിലായ ടി.എസ്.സി ജീവനക്കാരൻ അരുൺ കുമാറിൻ്റെയും ഉന്നത ഉദ്യോഗസ്ഥരായ മൂന്ന് പേരുടെയും അറിവോടെയാണ് മോഷണം നടത്തിയതെന്നും മൊഴി നൽകിയിരുന്നു. ഇക്കാര്യം തിരുവല്ല കോടതിയിൽ സമർപ്പിച്ച ഇവരുടെ റിമാൻ്റ് റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാമ്യം ലഭിച്ച ഉന്നത ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യാനാണ് പ്രത്യേക ക്രൈംബാഞ്ച് സംഘം തീരുമാനിച്ചിരിക്കുന്നത്. ടാങ്കര്‍ ലോറി ഡ്രൈവര്‍മാരായ സിജോ തോമസ്, നന്ദകുമാര്‍, ടി.എസ്.സി ജിവനക്കാരന്‍ അരുണ്‍ കുമാര്‍, മഹാരാഷ്ട്ര സ്വദേശി സതീഷ് ബാല്‍ ചന്ദ് വാനി എന്നിവരാണ് ജൂലൈയ് ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ അറസ്റ്റിലായത്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News