ഒരേക്കർ വീതം കൃഷിഭൂമി നൽകണം: കാസർകോട് കലക്ട്രേറ്റിൽ ആദിവാസികളുടെ സമരം
കാലതാമസമില്ലാതെ ഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന കലക്ടറുടെ ഉറപ്പിൽ ആദിവാസി കൂട്ടായ്മ പ്രതിഷേധം അവസാനിപ്പിച്ചു
ഒരേക്കർ വീതം കൃഷിഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് കാസർകോട് കലക്ട്രേറ്റിൽ ആദിവാസികളുടെ സമരം. ഗോത്രജനത കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അർഹരായവർക്ക് കാലതാമസമില്ലാതെ ഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പിൽ ആദിവാസി കൂട്ടായ്മ പ്രതിഷേധം അവസാനിപ്പിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സമരത്തിനെത്തിയത്. സമരം ശക്തമായതോടെ ജില്ലാ കലക്ടർ ചർച്ചയ്ക്ക് വിളിച്ചു. ഭൂരഹിത പട്ടിക വർഗക്കാർക്ക് ഭൂമി ലഭ്യമാക്കുന്നതിന് കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി ലാൻഡ് ബാങ്കിലേക്ക് ലഭ്യമാക്കുന്നതിനായി ഉടൻ വിജ്ഞാപനം പുറപ്പടുവിക്കുമെന്ന് ജില്ലാ കലക്ടർ സമരക്കാരെ അറിയിച്ചു. സർക്കാറിന്റെ നിലവിലുള്ള മാർഗനിർദേശപ്രകാരം അർഹരായ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
മുഴുവൻ ആദിവാസികൾക്കും ഒരേക്കർ വീതം കൃഷി ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപും ഗോത്ര ജനതാ കൂട്ടായ്മ കലക്ട്രേറ്റ് ഉപരോധിച്ചിരുന്നു. അന്ന് ജില്ലാ ട്രൈബൽ ഡെവലപ്മെന്‍റ് ഓഫീസർ നൽകിയ ഉറപ്പ് പാലിക്കാത്തതോടെയാണ് വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.