സഹോദരന്‍ കാല്‍ വഴുതി കുളത്തില്‍ വീണു; രക്ഷിക്കാന്‍ ശ്രമിച്ച പന്ത്രണ്ടുവയസുകാരനും മരിച്ചു
വെള്ളിയാഴ്ച വൈകിട്ട് 6.15 ഓടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം
കൊല്ലം: കാൽ വഴുതി കുളത്തിൽ വീണ ഏഴു വയസുകാരനായ സഹോദരനെ രക്ഷപെടുത്താൻ ശ്രമിച്ച പന്ത്രണ്ടുകാരന് പിന്നാലെ ഏഴു വയസുകാരനും മരിച്ചു. മൈലാപ്പൂര്‍, പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസാ ദമ്പതികളുടെ മക്കളായ ഫർസിൻ 12, സഹോദരൻ അഹിയാൻ 7 എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.15 ഓടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം.
മരിച്ച കുട്ടികളുടെ മാതാവ് സംഭവ സ്ഥലത്തിന് ഏറെ അകലെയല്ലാതെ ബേക്കറി നടത്തിവരികയാണ്. ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകവെ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.
അഹിയാനെ രക്ഷിക്കാനിറങ്ങിയ ഫർസീൻ മുങ്ങിത്താഴ്ന്നു സംഭവ സമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അൽപസമയത്തിന് ശേഷം അതുവഴി വരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ചെരുപ്പുകൾ കരയിൽ കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് കുട്ടികൾ വെള്ളത്തിൽ മുങ്ങിയതായി കാണുന്നത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് അഹിയാൻ മരിച്ചത്. ഫർസീൻ തട്ടാമല സ്കൂളിൽ നിന്നും ഏഴാംക്ലാസ് വിജയിച്ച് എട്ടാം ക്ലാസിൽ ചെറുപുഷ്പം സ്കൂളിൽ ചേർന്നതാണ്. അഹിയാൻ ചെറുപുഷ്പം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.