തിരുവനന്തപുരം പേരുർക്കടയിൽ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി രണ്ടുമരണം
വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്
തിരുവനന്തപുരം: പേരുർക്കടയിൽ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറി രണ്ടുമരണം. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് സൂചന. പുലർച്ചെ ആറുമണിയോടെയാണ് അപകടം.
ശബരിമലയിൽ നിന്നും മടങ്ങിയെത്തിയ ആന്ധ്ര സ്വദേശികളുടെ വാഹനമാണ് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിൽ എത്തിയ വാഹനം വഴിയോരത്ത് നിന്നവരെ ഇടിച്ചു തെറിപ്പിച്ച് മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. വാഹനം ഓടിച്ചവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു. സംഭവം നടന്നയുടനെ വാഹനത്തിലുള്ളവരെ ആശുപത്രിയിൽ എത്തിച്ചു.
നാലുപേരും ഒരു കുട്ടിയുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇരുട്ടായതിനാൽ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചത് കണ്ടിരുന്നില്ല. ഏതാണ്ട് അരമണിക്കൂറിനു ശേഷമാണ് പരിക്കുപറ്റി റോഡിനോട് ചേർന്ന കൊക്കയിൽ കിടന്നിരുന്ന വാഴയില സ്വദേശികളെ കണ്ടെത്തുന്നത്. ഇവരെ പേരൂർക്കടയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.