'കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുന്നത് കേരളത്തിന്റെ നയമല്ല': കേന്ദ്രഭേദഗതിയിൽ മന്ത്രി വി ശിവൻകുട്ടി
കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം വിഷയം പരിഗണിക്കുകയുള്ളൂവെന്നും മന്ത്രി
തിരുവനന്തപുരം: വിദ്യാഭ്യാസ നിയമത്തിലെ തോൽവിയില്ലാ നയം റദ്ദാക്കിയ കേന്ദ്ര ഭേദഗതിക്കെതിരെ കേരളം. കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരളത്തിന്റെ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 8, 9, 10 ക്ലാസുകളിൽ പ്രത്യേക പഠന പിന്തുണാ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് മന്ത്രി വിമർശനം അറിയിച്ചത്. കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം വിഷയം പരിഗണിക്കുകയുള്ളൂവെന്ന് വി ശിവൻകുട്ടി പറഞ്ഞു. "2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന 5 ലെയും 8 ലെയും പൊതു പരീക്ഷകളെ തുടർന്ന് കുട്ടികളെ പരാജയപ്പെടുത്തുകയെന്നത് സർക്കാർ നയമല്ല. മറിച്ച് പാഠ്യപദ്ധതി നിഷ്കർഷിക്കുന്ന തരത്തിൽ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. സർക്കാർ ഇതിനകം തന്നെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി ഈ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ഇക്കഴിഞ്ഞ അർദ്ധവാർഷിക പരീക്ഷ മുതൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.