വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസുടമ അറസ്റ്റിൽ
മൂന്ന് മാസത്തിനിടെ ഡ്രൈവർ ജോമോൻ പത്തൊൻപത് തവണ വേഗപരിധി ലംഘിച്ചിരുന്നു
പാലക്കാട്: വടക്കഞ്ചേരിയിലെ വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസുടമ അറസ്റ്റിൽ. പ്രേരണാക്കുറ്റം ചുമത്തിയാണ് ഉടമയായ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തിനിടെ ഡ്രൈവർ ജോമോൻ പത്തൊൻപത് തവണ വേഗപരിധി ലംഘിച്ചിരുന്നു. ഇതറിഞ്ഞിട്ടും അരുൺ ജോമോനെ വിലക്കിയില്ലെന്ന് പോലീസ് പറയുന്നു.
അതേസമയം, അപകടം നടന്ന സ്ഥലത്ത് ഡ്രൈവർ ജോമോനുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ആലത്തൂർ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കാണ് ജോമോനെ കൊണ്ടുപോവുക.
മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതിനാൽ ജോമോന് ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയിലാണ് പോലീസ്. കെഎസ്ആർടിസി സഡൻ ബ്രെക്കിട്ടതാണ് അപകടകാരണമെന്ന് ജോമോൻ പോലീസിനോട് പറഞ്ഞെങ്കിലും ഈ വാദം പോലീസ് പൂർണമായും തള്ളി. ജോമോൻ അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചതാണ് അപകടകാരണമെന്നാണ് പോലീസിന്റെ നിഗമനം.