'വി.സിമാര്‍ക്ക് തത്‍ക്കാലം തുടരാം'; ഉത്തരവുമായി ഹൈക്കോടതി

കാരണം കാണിക്കൽ നോട്ടീസിൽ ഗവർണർ നടപടി സ്വീകരിക്കുന്നതുവരെ വി.സിമാർക്ക് പദവിയിൽ തുടരാം

Update: 2022-10-24 16:26 GMT
Advertising

എറണാകുളം: ഗവർണർ രാജിവക്കണമെന്ന് പറഞ്ഞ സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസിലർമാർക്കും തത്ക്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി. രാജിവയ്ക്കണമെന്ന ഗവർണറുടെ ആവശ്യം ചോദ്യം ചെയ്ത് വി.സിമാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. കാരണം കാണിക്കൽ നോട്ടീസിൽ ഗവർണർ നടപടി സ്വീകരിക്കുന്നതുവരെ വി.സിമാർക്ക് പദവിയിൽ തുടരാമെന്നാണ് ഉത്തരവിലുള്ളത്.

കെ ടി യു വി.സി പുറത്ത് പോകാൻ കാരണമായ സുപ്രീം കോടതി ഉത്തരവ് തങ്ങൾക്ക് ബാധകമല്ല എന്നായിരുന്നു ഹരജിക്കാരുടെ പ്രാധാന വാദം. സാമ്പത്തിക ക്രമക്കേടോ, നടപടികളില്‍ വീഴ്ചയോ ഉണ്ടെങ്കിൽ മാത്രമേ നീക്കാന്‍ സാധിക്കൂ, അല്ലെങ്കിൽ നോട്ടീസ് നൽകാൻ തയ്യാറാകണമെന്നും വാദിച്ചു. എന്നാൽ സുപ്രീം കോടതി വിധി ഈ കോടതിക്കും ബാധകം ആണെന്നായിരുന്നു ഹരജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയത്. കോടതിക്ക് രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചാൻസലർ ആയ ഗവർണർ മനുഷ്യനല്ലേ? അദ്ദേഹത്തിന് തെറ്റ് പറ്റിയാൽ തിരുത്താനുള്ള അധികാരം വേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.

നിങ്ങൾ എടുത്ത നടപടിയിൽ അല്ല , എടുത്ത രീതി ആണ് ചോദ്യം ചെയ്യപ്പെട്ടത്‌ എന്ന് കോടതി ഗവര്‍ണറുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഗവര്‍ണര്‍ ഒരു അപേക്ഷ മാത്രമാണ് നടത്തിയതെന്നായിരുന്നു ഗവർണുടെ അഭിഭാഷകൻ്റെ വാദം. എന്നാൽ അതിനെ ഒരു അപ്പീൽ ആയി കാണാൻ ആവില്ലെന്നായിരുന്നു കോടതി നിലപാട്. എന്തിനാണ് ഗവർണർ ധൃതി കാട്ടിയതെന്നും കോടതി ചോദിച്ചു.

വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവര്‍ണര്‍ നല്‍കിയതെന്നായിരുന്നു മറുപടി. വി സി മാർക്ക് വിശദീകരണം നൽകാനും അവരുടെ ഭാഗം ബോധിപ്പിക്കാനും 10 ദിവസത്തെ സാവകാശം നൽകി നോട്ടീസ് നൽകിയിട്ടുണ്ടെന്നും അത് പരിഗണിച്ചതിന് ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുകയുള്ളൂ എന്നും ഗവർണറുടെ അഭിഭാഷകന്‍ അറിയിച്ചു. ഇങ്ങനെ ഒന്നര മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് വി സിമാര്‍ക്ക് തത്ക്കാലം പദവിയിൽ തുടരാമെന്ന് കോടതി പറഞ്ഞത്.

സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല,കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ  ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News