ആരോഗ്യവകുപ്പിനെ സി.പി.എം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ അനാസ്ഥയെ കുറിച്ച് മന്ത്രി ഒന്നും അറിയുന്നില്ല. മറ്റൊരു സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ സി.പി.എം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ അനാസ്ഥയെ കുറിച്ച് മന്ത്രി ഒന്നും അറിയുന്നില്ല. മറ്റൊരു സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നേരത്തെ ഇതേ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പ്രസ്താവനയും പുറത്തിറക്കിയിരുന്നു.
മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്താന്‍ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യമന്ത്രിയുമായി മെഡിക്കൽ കോളജ് സൂപ്രണ്ട് കൂടിക്കാഴ്ച നടത്തി. അതേസമയം ആശുപത്രി സംരക്ഷണ സമിതിയുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്താന്‍ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും ആരോഗ്യമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.