'സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ ചേർന്നതിൽ ബിജെപിക്കില്ലാത്ത പ്രശ്നമാണ് സിപിഎമ്മിന്'- വി.ഡി സതീശൻ
സന്ദീപിനെ ഒരിക്കലും പിന്നിൽ നിർത്തില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
കൊച്ചി: ബിജെപിയുടെ മുഖമായിരുന്ന ഒരാൾ കോൺഗ്രസിൽ ചേർന്നപ്പോൾ ബിജെപിക്കില്ലാത്ത പ്രശ്നമാണ് സിപിഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകൾ വരും. സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം നേരത്തെ തീരുമാനിച്ച കാര്യമാണെന്നും സന്ദീപിനെ ഒരിക്കലും പിന്നിൽ നിർത്തില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ സാദിഖലി തങ്ങളെ വിമർശിച്ചത് സംഘ്പരിവാറിനെ പ്രീണിപ്പിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്. ആർഎസ്എസുകാർ അവിടെത്തന്നെ തുടരണമെന്നാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്? കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് പോയപ്പോൾ പിണറായിക്ക് ചോദ്യങ്ങളുണ്ടായില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
സന്ദീപ് വാര്യർ കോൺഗ്രസിനൊപ്പം ചേർന്നത് ആയുധമാക്കുകയാണ് സിപിഎം. സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് ന്യൂനപക്ഷങ്ങളിൽ അമർഷമുണ്ടാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം. സന്ദീപ് ഇപ്പോഴും ആർഎസ്എസ്സാണെന്നാണ് എ.കെ ബാലന്റെ പ്രതികരണം. കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നൽകുന്ന മറുപടി.