കണ്ണില്‍ ഇരുട്ട് കയറിയത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് എല്ലാം കറുപ്പായി തോന്നുന്നത്: വി.ഡി സതീശന്‍
മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാർക്ക് നല്ലതെന്നും ആരെയും ഭയമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് എല്ലാത്തിനേയും ഭയമാണെന്നും സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പുറത്തിറക്കുമ്പോൾ ജനങ്ങൾ വീട്ടിലിരിക്കേണ്ട അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനങ്ങളെ ബന്ദിയാക്കി മുഖ്യമന്ത്രി സഞ്ചരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചയാളെ വസ്ത്രമുരിഞ്ഞാണ് പോലീസ് സ്റേഷനിൽ നിർത്തിയത്. കണ്ണില്‍ ഇരുട്ട് കയറിയത് കൊണ്ടാണ് കാണുന്നതെല്ലാം അദ്ദേഹത്തിന് കറുപ്പായി തോന്നുന്നത്. ഇത് ഹിറ്റ്ലറുടെ കേരളമാണോ എന്ന് വി.ഡി സതീശന്‍ ചോദിച്ചു.
മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍. മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് നാട്ടുകാർക്ക് നല്ലതെന്നും ആരെയും ഭയമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് എല്ലാത്തിനേയും ഭയമാണെന്നും സതീശന്‍ പറഞ്ഞു. അവതാരങ്ങളെ മുട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ്. ഒമ്പതാമത്തെ അവതാരമാണ് ഷാജ് കിരൺ. എന്തുകൊണ്ടാണ് പൊലീസ് ഷാജ് കിരണിനെ ചോദ്യം ചെയ്യാത്തതെന്നും സതീശന്‍ ചോദിച്ചു.
സർക്കാരിൻ്റെ വെപ്രാളം കണ്ടിട്ട് ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് കരുതേണ്ടത്. ഗുരുതരമായ ആരോപണം ഉയർന്നിട്ടും കേന്ദ്ര ഏജൻസികൾ അനങ്ങാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രിയും ബീലിവേഴ്സ് ചർച്ചുമായുള്ള അവിശുദ്ധ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.