വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെ പ്രവർത്തിക്കുന്നു-മന്ത്രി വി. ശിവൻകുട്ടി
''പള്ളിയിൽ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്നു പരിശേധിക്കണം.''
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണ്. പള്ളിയിൽ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സർക്കാർ ഇതിൽ കൂടുതൽ ചർച്ച നടത്തും. വിഷയത്തിൽ സംയമനം പാലിക്കും. ഇനിയും ചർച്ചയ്ക്ക് തയാറാണ്. അതുപക്ഷെ, സർക്കാരിന്റെ ദൗർബല്യമായി കാണരുത്. മത്സ്യത്തൊഴിലാളി മേഖല ആരുടെയും കുത്തകയല്ലെന്നും ശിവൻകുട്ടി പറഞ്ഞു.
സമരത്തിനിടെ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങൾ സർക്കാർ തിരക്കഥയാണെന്നാണ് ലത്തീൻ അതിരൂപത പ്രതികരിച്ചത്. സമാധാനമായി നടന്നുവന്ന സമരമായിരുന്നു. അതിനെ തകർക്കാൻ സർക്കാർ ആസൂത്രണം ചെയ്ത തിരക്കഥയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കണ്ടത്. സമരക്കാർക്കെതിരെയുണ്ടായ അക്രമം സർക്കാരിന്റെയും അദാനിയുടെയും പിന്തുണയോടെയാണെന്നും അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര ആരോപിച്ചു.
ന്യായമായി സമരം ചെയ്യുന്നവരെ ആക്രമിക്കാൻ ആരാണ് മുൻകൈയെടുത്തത്? നിരന്തര പ്രകോപനമുണ്ടായതോടെ വികാരപരമായി പ്രതികരിക്കുകയാണുണ്ടായത്. സമരത്തെ നിർവീര്യമാക്കാൻ ആസൂത്രണം നടന്നു. ഒരു കുറ്റകൃത്യത്തിലും ഉൾപ്പെടാത്തവർക്കുമേൽ വധശ്രമ കുറ്റമടക്കം ചുമത്തി. അറസ്റ്റിനെ അന്വേഷിക്കാൻ വന്നവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നും യൂജിൻ പെരേര മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി.
Summary: Vizhinjam protesters are acting like terrorists, says Kerala minister V Sivankutty