കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു
ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് കെ.സുധാകരനോട് ഫോണില്‍ ആവശ്യപ്പെടുകയായിരുന്നു
വി എം സുധീകരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ചു. മതിയായ കൂടിയാലോചന നടത്താത്ത നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. സുധീരനെ അനുനയിപ്പിക്കാന്‍ കെപിസിസി നേതൃത്വം നേരില്‍ക്കണ്ട് ചർച്ച നടത്തും.
ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചത് മുതല്‍ മതിയായ കൂടിയാലോചന നടത്താതെയാണെന്ന നിലപാട് വി എം സുധീരന്‍ സ്വീകരിച്ചിരുന്നു. ഈ അതൃപ്തിയുടെ തുടര്‍ച്ചയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജിയിലേക്ക് എത്തിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് വി എം സുധീരന്‍ തയ്യാറായില്ല. ആവശ്യമെങ്കില്‍ പിന്നീട് വിശദമായി പ്രതികരിക്കാമെന്ന നിലപാടിലാണ് സുധീരന്‍.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന വിശദീകരണമാണ് കെപിസിസി നേതൃത്വം നല്‍കുന്നത്. വരും ദിവസങ്ങളില്‍ വി ഡി സതീശനും സുധാകരനും രാജി പിന്‍വലിക്കണമെന്ന ആവശ്യവുമായി വി എം സുധീരനെ കാണും.
വി എം സുധീരന്‍റെ രാജിയോട് പ്രതികരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തയ്യാറായില്ല. സുധീരന്റെ രാജിയുടെ കാരണം അറിയില്ലെന്ന് കെ സുധാകരൻ പറഞ്ഞു. കത്തിലുള്ളത് എന്താണെന്ന് അറിയില്ല. അനിവാര്യമായ സാഹചര്യത്തിലാണ് രാജിയെങ്കില്‍ കുറ്റപ്പെടുത്താനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.