ജെയ്ക്കിന് വോട്ട് കണിയാൻകുന്ന് ബൂത്തിൽ; വോട്ട് ചെയ്യാൻ പോവുക കുടുംബത്തോടൊപ്പം
വോട്ട് ചെയ്ത ശേഷം വിവിധ പഞ്ചായത്തിലെ ബൂത്തുകളിൽ സന്ദർശനം നടത്തും.
കോട്ടയം: പുതുപ്പള്ളി എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന് വോട്ട് മണർകാട് പഞ്ചായത്തിലെ കണിയാൻകുന്ന് ബൂത്തിൽ. കുടുംബത്തോടൊപ്പം രാവിലെ എഴ് മണിയോടെ മണർകാട് കവലയിലുള്ള വീട്ടിൽ നിന്നും അദ്ദേഹം വോട്ട് ചെയ്യാൻ പുറപ്പെടും. മണർകാട് പഞ്ചായത്തിലെ 72ം നമ്പർ ബൂത്തിലെ 106ം നമ്പർ വോട്ടറാണ് ജെയ്ക്ക് സി. തോമസ്. മണ്ഡലത്തിലെ 10 സ്ത്രീ സൗഹൃദ ബൂത്തുകളിൽ ഒന്നാണ് ഇത്.
വോട്ട് ചെയ്ത ശേഷം വിവിധ പഞ്ചായത്തിലെ ബൂത്തുകളിൽ സന്ദർശനം നടത്തും. കഴിഞ്ഞതവണ ഉമ്മൻചാണ്ടിക്ക് വലിയ വെല്ലുവിളിയുയർത്തിയ പഞ്ചായത്താണ് മണർകാട് പഞ്ചായത്ത്. 1200ലേറെ വോട്ടുകളുടെ ഭൂരിപക്ഷം അന്ന് ജെയ്ക്കിനുണ്ടായിരുന്നു. അതും ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയാൻ കാരണമായിരുന്നു.
ഇത്തവണ അതിനേക്കാൾ വലിയ കുതിപ്പുണ്ടാകുമെന്നും മറ്റു പഞ്ചായത്തുകളിലും നേട്ടമുണ്ടാകുമെന്നുമാണ് ജെയ്ക്കിന്റെ കണക്കുകൂട്ടൽ. യാക്കോബായ വിഭാഗത്തിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണ് മണർകാട്. അതിനാൽ ആ വിഭാഗത്തിൽ നിന്നും കൂടുതൽ വോട്ടുകൾ ജെയ്ക്കിന് ലഭിക്കുമെന്നാണ് എൽഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.
176417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 182 ബൂത്തുകളാണ് വോട്ടെടുപ്പിനായി തയാറാക്കിയിരിക്കുന്നത്. ഇതിൽ 86132 പുരുഷന്മാരും 90281 സ്ത്രീകളും നാല് ട്രാൻസ്‌ജെൻഡേഴ്‌സ് വോട്ടർമാരുമാണുള്ളത്.
അതേസമയം, ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വലിയ പ്രതീക്ഷയിലാണ് സ്ഥാനാർഥികളും മുന്നണികളും. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഉമ്മൻചാണ്ടിയുടെ മരണത്തോടെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് കടന്നത്.