'മരിച്ചവരുടെ പേരിൽ വീട്ടിൽ വോട്ടിനപേക്ഷ'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്
തിരുവനന്തപുരത്തെ 102ാം പോളിങ് സ്റ്റേഷനിലാണ് അപേക്ഷ ലഭിച്ചത്
തിരുവനന്തപുരം: മരിച്ചവരുടെ പേരിൽ വീട്ടിൽ വോട്ടിനപേക്ഷിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. തിരുവനന്തപുരത്തെ 102ാം പോളിങ് സ്റ്റേഷനിലാണ് അപേക്ഷ ലഭിച്ചത്. മരണപ്പെട്ട വോട്ടർമാരുടെ പേരിൽ 85 വയസിന് മുകളിലുള്ളവരുടെ പേരിൽ വോട്ടിന് അപേക്ഷ നൽകുകയും തപാൽ വോട്ടുമായി പോളിങ് ടീം എത്തുകയും ചെയ്തു എന്നാണ് പരാതി. കോൺഗ്രസിന്റെ പോളിങ് ഏജന്റുമാർ ഇടപെട്ടതിനാൽ ഇവർ വോട്ടുചെയ്യിക്കാതെ മടങ്ങുകയായിരുന്നു.
വോട്ടർമാർ യഥാക്രമം വള്ളിയമ്മാൾ, സ്വർണമ്മ, നാഗമ്മാൾ എന്നിവരാണ്. ഇവർ മരണപ്പെട്ടവരാണെന്ന് കോൺഗ്രസിന്റെ ഏജന്റുമാർ പോളിങ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെയാണ് വോട്ട് രേഖപ്പെടുത്താതെ ഇവർ മടങ്ങിയത്. അപേക്ഷ നൽകിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷണസമിതി കൺവീനർ എം.കെ റഹ്മാൻ ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി.
85 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ഇതുവരെ നൽകിയ എല്ലാ തപാൽ വോട്ടുകളും പുനപരിശോധിക്കണമെന്നും കെ.പി.സി.സി നേതൃത്വം പരാതിയിൽ ആവശ്യപ്പെട്ടു.