ജനയുഗത്തിനെതിരായ വിമര്‍ശനം; കെ.കെ ശിവരാമന് പരസ്യതാക്കീത്
ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം.
ജനയുഗത്തിന് എതിരെ നടത്തിയ വിമര്‍ശനത്തില്‍ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് പാര്‍ട്ടിയുടെ പരസ്യതാക്കീത്. സംസ്ഥാന കൗണ്‍സിലാണ് ശിവരാമനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ശ്രീനാരായണ ഗുരു ജയന്തിക്ക് അര്‍ഹിച്ച പ്രാധാന്യം ജനയുഗം പത്രം നല്‍കിയില്ലെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം. സി.പി.ഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ശിവരാമനെതിരെ നടപടി വേണമെന്ന് ആദ്യം വിമര്‍ശനമുയര്‍ന്നത്. ഇതിന് പിന്നാലെ സംസ്ഥാന കൗണ്‍സിലിലും വിഷയം ചര്‍ച്ച ചെയ്യുകയായിരുന്നു.
ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം. ഗുരുവിനെ അറിയാത്ത എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്‌മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു.
പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാവ് പാര്‍ട്ടി മുഖപത്രത്തിനെതിരെ പരസ്യവിമര്‍ശനമുന്നയിച്ച് കടുത്ത അച്ചടക്കലംഘനമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്.