ഭരണഘടനാ വിരുദ്ധ പരാമര്‍ശം; സജി ചെറിയാനെതിരായ അന്വേഷണത്തിന് തടയിട്ട് സർക്കാർ
ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് ക്രൈം ബ്രാഞ്ച് മേധാവിയെ സംസ്ഥാന സർക്കാർ അറിയിച്ചു
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം തടഞ്ഞ് സർക്കാർ. ഇപ്പോൾ അന്വേഷണം വേണ്ടെന്ന് സർക്കാർ ക്രൈംബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകി. സജി ചെറിയാൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും വരെ കാത്തിരിക്കാനാണ് സർക്കാർ തീരുമാനം.
മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരെ തുടരന്വേഷണം വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. സജി ചെറിയാനെ വെള്ളപൂശിയുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു ഇത്. സത്യസന്ധനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
എന്നാൽ വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവായില്ല. അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറാണെന്ന കാര്യം ക്രൈം ബ്രാഞ്ച് മേധാവി ഇന്നലെ സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അന്വേഷണം വേണ്ടെന്ന നിലപാടെടുത്ത് സർക്കാർ ഈ നീക്കത്തിന് തടയിടുകയായിരുന്നു. ഇതിനിടെ സർക്കാരിനെതിരെ പരാതിക്കാരൻ രംഗത്തെത്തി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടായിരുന്നു ഗവർണറുടേത്.
അപ്പീലിന് സജി ചെറിയാന് പാർട്ടി അനുമതി നൽകിയെങ്കിലും ഒരാഴ്ചയായിട്ടും നീക്കമില്ല. ഡിവിഷൻ ബെഞ്ച് വിധിയും തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ഇതിന് പിന്നിൽ. എന്നാൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വൈകുന്നതിൽ ഹൈക്കോടതി ഇടപെടാനുള്ള സാധ്യതയും ചെറുതല്ല.