മുണ്ടക്കൈ ദുരന്തഭൂമിയിലെ രക്ഷകരെ ആദരിക്കാൻ മീഡിയവണും മാധ്യമവും; 'വി നാട്, ഹോണറിങ് ഹീറോസ്' ഇന്ന് വൈകിട്ട് 4ന്
വൈകുന്നേരം നാലുമണിയോടെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് പരിപാടി
വയനാട്: ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിലെ ഹീറോകൾക്ക് ഇന്ന് മാധ്യമം കുടുംബത്തിന്‍റെ ആദരം. 'വി നാട്, ഹോണറിങ് ഹീറോസ്' എന്ന പേരിലാണ് ദുരന്തമുഖത്തേക്കോടിയെത്തിയ രക്ഷാപ്രവർത്തകരെയും സന്നദ്ധ സംഘടനകളെയും മാധ്യമവും മീഡിയവണും ആദരിക്കുന്നത്. വൈകുന്നേരം നാലുമണിയോടെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് പരിപാടി.
ജൂലൈ 30നാണ് നാടുറങ്ങി കിടക്കുമ്പോൾ നിനച്ചിരിക്കാതെ ആ മഹാദുരന്തം ചൂരൽമല മുണ്ടക്കൈ നിവാസികളുടെ മേൽ ആഞ്ഞു പതിച്ചത്. വാർത്തയറിഞ്ഞോടിയെത്തിയ നിരവധി നിസ്വാർത്ഥ മനുഷ്യർ ദുരന്ത ഭൂമിയിൽ തീർത്ത വിസ്മയങ്ങളാണ് ആ ഭൂമിയെയും അതിലെ മനുഷ്യരെയും പിന്നെ താങ്ങി നിർത്തിയത്. ആ രക്ഷാ കരങ്ങളെ ആദരിക്കുകയാണ് മാധ്യമം പത്രവും മീഡിയവൺ ചാനലും.
വ്യക്തികൾ, സംഘടനകൾ, വിവിധ കൂട്ടായ്മകൾ മുതൽ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ വിവിധ സർക്കാർ വകുപ്പുകളെയും ഏജൻസികളെയും ആദരിക്കും. പരിപാടിയിൽ ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.