ടോക്കൺ വിളിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടറെ മര്‍ദിച്ചു; പ്രതി പിടിയില്‍
പിലാഞ്ഞിയോട് സ്വദേശി ബിനുവിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്
കൊല്ലം: മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെ മർദിച്ച പ്രതി പിടിയിൽ. ടോക്കൺ വിളിക്കുന്നത് വൈകുന്നുവെന്ന് പറഞ്ഞായിരുന്നു കൈയേറ്റം. പിലാഞ്ഞിയോട് സ്വദേശി ബിനുവിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് ബിനു വനിതാ ഡോക്ടറെ മർദിച്ചത്. ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയ ബിനു ഏറെ സമയം കഴിഞ്ഞും ടോക്കൺ വിളിക്കാത്തത്തിൽ പ്രകോപിതനായി മർദിച്ചു എന്നാണ് പരാതി. ബിനു വനിതാ ഡോക്ടറെ ക്യാബിനുള്ളിൽ കയറി മർദിക്കുകയായിരുന്നു. തടയാനെത്തിയ ജീവനക്കാരെയും രോഗികളെയും ഇയാൾ മർദിച്ചു. സ്ത്രീകളായ രോഗികളെ ഉൾപ്പെടെ പ്രതി അസഭ്യം പറഞ്ഞെന്നും പരാതി ഉണ്ട്. മദ്യ ലഹരിയിൽ അക്രമാസക്തനായ പ്രതിയെ ആശുപത്രി ജീവനക്കാരും രോഗികളും ഏറെ പണിപെട്ട് പിടികൂടുകയും ശേഷം പൊലീസിലേൽപിക്കുകയും ചെയ്തു.
ആശുപത്രി സംരക്ഷണ നിയമം, സ്ത്രീകൾക്കെതിരായ അതിക്രമം, ഡ്യൂട്ടി തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു ബിനുവിന്റെ അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.