വനിതാ സിവിൽ പൊലീസ് ഉദ്യോഗാർഥികളുടെ രാപകൽ സമരം 14-ാം ദിവസത്തിലേക്ക്
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ നാലുദിവസം മാത്രം


തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വനിതാ സിവില്‍ പൊലീസ് ഉദ്യോഗാർഥികൾ രാപകൽ സമരം തുടങ്ങിയിട്ട് ഇന്ന് 14 ദിവസം. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്.
ഭക്ഷണവും വെള്ളവുമുപേക്ഷിച്ച് പ്രതികൂല കാലാവസ്ഥയിലും സമരം ചെയ്യുന്നത് സർക്കാരിന്റെ കനിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരാണ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ 259 പേർക്ക് മാത്രമേ ഇതുവരെ നിയമന ശിപാർശ ലഭിച്ചിട്ടുള്ളൂ.
അതേസമയം സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന ആശാവർക്കേഴ്സിന്റെ സമരം 65-ാം ദിവസത്തിലേക്ക് കടന്നു. മുഖ്യമന്ത്രിയുമായി ചർച്ച ഉണ്ടാകുമെന്നാണ് ഇപ്പോഴും സമരക്കാരുടെ പ്രതീക്ഷ. അതിനിടെ സമരം കൂടുതൽ വ്യാപിപ്പിക്കുക എന്നതാണ് സമരസമിതിയുടെ തീരുമാനം. ഓണറേറിയം വർധന പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ ഈ മാസം 21ന് സമരവേദിയിൽ ആദരിക്കും. അനിശ്ചിതകാല നിരാഹാര സമരം 27-ാം ദിവസവും തുടരുകയാണ്.