തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു
സംഭവത്തില്‍ പൊള്ളലേറ്റ് കിണറ്റില്‍ ചാടിയ പ്രതിയെ അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണു പുറത്തെടുത്തത്
തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. സോമസൗധത്തിൽ ജി. സരിതയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനുവാണ് സരിതയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സരിതയുടെ വീട്ടിലെത്തിയാണ് ബിനു പെട്രോളൊഴിച്ച് കത്തിച്ചത്. കൃത്യത്തിനിടെ പൊള്ളലേറ്റ പ്രതി കിണറ്റിൽ ചാടുകയും ചെയ്തിരുന്നു.
രാത്രി എട്ടു മണിയോടെ സരിതയുടെ വീട്ടിലെത്തിയ ബിനു യുവതിയുമായി വാക്കുതർക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് സ്കൂട്ടറിൽ കരുതിയിരുന്ന കന്നാസിൽനിന്ന് സരിതയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സരിതയുടെ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.
അതിനിടെ, ആക്രമണത്തിനു പിന്നാലെ കിണറ്റില്‍ ചാടിയ പ്രതിയെ കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണു പുറത്തെടുത്തത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ അപായപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. അഞ്ച് ലിറ്റർ പെട്രോൾ ഇയാൾ കൈയില്‍ കരുതിയിരുന്നു. സ്കൂട്ടറിൽ നിന്ന് വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു.
സരിതയും ബിനുവും പരിചയക്കാരാണ്. ആക്രമണത്തിലേക്ക് നയിച്ച കാരണം എന്താണെന്നു വ്യക്തമല്ല. സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്തു.
Summary: Woman doused with petrol, set on fire, dies in Thiruvananthapuram's Chenkottukonam