ഗതാഗത നിയമലംഘനത്തിന് ആളുമാറി നോട്ടീസ്; 12,500 രൂപ അടക്കാൻ നിർദേശം ലഭിച്ചത് പിലാശേരി സ്വദേശിക്ക്
പിലാശേരി സ്വദേശി റസാഖിനാണ് ആളുമാറി നോട്ടീസ് ലഭിച്ചത്.
കോഴിക്കോട്: ഗതാഗത നിയമലംഘനത്തിന് പിലാശേരി സ്വദേശിക്ക് ആളുമാറി നോട്ടീസ്. 12,500 രൂപ അടയ്ക്കണമെന്നാണ് പിലാശേരി സ്വദേശി അബ്ദുൽ റസാഖിന് ലഭിച്ച നോട്ടീസിൽ പറയുന്നത്. ഹോണ്ട ആക്ടീവ സ്‌കൂട്ടർ ആണ് റസാഖ് ഓടിക്കുന്നത്. നോട്ടീസിലുള്ളത് മറ്റൊരു സ്‌കൂട്ടറിന്റെ ഫോട്ടോയാണ്. ഈ വാഹനം നിയമലംഘനം നടത്തിയതിനാണ് റസാഖിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 5000 രൂപ, ലൈസൻസില്ലാത്തയാളിന് വണ്ടിയോടിക്കാൻ നൽകിയതിന് 5000 രൂപ, ഹെൽമറ്റ് ധരിക്കാത്തതിന് 500, ഇൻഷൂറൻസില്ലാത്തതിന് 2000 രൂപ ഇങ്ങനെ 12,500 രൂപ അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
തനിക്ക് വർഷങ്ങൾക്ക് മുമ്പ് തന്നെ ലൈസൻസ് ലഭിച്ചതാണെന്നും ഹെൽമറ്റ് ധരിച്ച് മാത്രമാണ് വാഹനമോടിക്കാറുള്ളതെന്നും റസാഖ് മീഡിയവണിനോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണെന്നാണ് കൊടുവള്ളി ആർ.ടി.ഒ ഓഫീസിൽ നിന്നുള്ള വിശദീകരണം.