പിഞ്ചുകുഞ്ഞുങ്ങളെ സ്കെയിലുകൊണ്ട് ക്രൂരമായി മര്‍ദിച്ചു; പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറിക്കെതിരെ അന്വേഷണം
ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കെ.വിജയകുമാർ രാജിവെച്ചു
പാലക്കാട്: ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങള്‍ക്ക് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിയുടെ മർദനം. പാലക്കാട് അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികളാണ് മർദനത്തിനിരയായത്. ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറി കെ.വിജയകുമാർ രാജിവെച്ചു.
വിജയകുമാർ പല തവണയായി കുഞ്ഞുങ്ങളെ മർദിച്ചുവെന്നാണ് പരാതി. സ്കെയിൽ വെച്ചാണ് കുഞ്ഞുങ്ങളെ തല്ലുന്നത്. നവജാതശിശുക്കള്‍ മുതല്‍ അഞ്ചുവയസ് പ്രായമായ കുട്ടികള്‍വരെയാണ് ഈ ശിശുപരിപാലന കേന്ദ്രത്തിലുള്ളത്. ഫോണില്‍ സംസാരിക്കവെ കുട്ടികള്‍ കരയുന്നതാണ് മര്‍ദനത്തിന് കാരണമെന്നാണ് ആയയുടെ പരാതിയില്‍ പറയുന്നത്. ഇതുസംബന്ധിച്ച് നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ജില്ലാ കലക്ടറെ സമീപിക്കുന്നത്.
ആയയുടെ പരാതിയെ തുടർന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദേശം നൽകി. അടുത്ത ദിവസം അന്വേഷണ റിപ്പോർട്ട് കൈമാറും. സി.പി.എം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാർട്ടിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസർ വിജയകുമാറിനെതിരെ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.