മുനവ്വറലി തങ്ങള്‍ ഇടപ്പെട്ടു; കുവെെത്തില്‍ തമിഴ്നാട് സ്വദേശിക്ക് തൂക്കുകയറില്‍ നിന്നും മോചനം

കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുവൈത്ത് അധികൃതർ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു

Update: 2019-01-23 01:39 GMT
Advertising

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിക്ക് തൂക്കുകയറില്‍ നിന്ന് മോചനം. കുവൈത്തിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ തഞ്ചാവൂര്‍ സ്വദേശി അര്‍ജുനന്‍ അത്തിമുത്തുവിന്റെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്. മുനവ്വറലി തങ്ങളാണ് 30 ലക്ഷം ദയാധനം കണ്ടെത്താന്‍ തമിഴ് കുടുംബത്തെ സഹായിച്ചത്.

സഹപ്രവർത്തകനായിരുന്ന മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസിലാണ് അർജുനൻ മാരിമുത്തുവിന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്റ്റംബര്‍ 21 നായിരുന്നു സംഭവം. കുവൈത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയാല്‍ കൊലയാളിക്ക് ശിക്ഷാ ഇളവ് ലഭിക്കും. 30 ലക്ഷം രൂപയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

എന്നാൽ അർജുനന്റെ ഭാര്യയും 13 വയസ്സുള്ള മകളും അടങ്ങുന്ന കുടുംബത്തിന് അഞ്ചുലക്ഷം രൂപയിലധികം കണ്ടെത്താനായില്ല. അതിനിടെ മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാട്ട് കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തി മുനവ്വറലി തങ്ങളോട് സഹായം തേടിയിരുന്നു. സുമനസ്സുകളുടെ സഹായത്തോടെ 25 ലക്ഷം രൂപ അദ്ദേഹം സമാഹരിച്ചു നൽകുകയും ചെയ്തു.

Full View

2017 നവംബറിൽ മലപ്പുറം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മുസ്‍‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് അർജുനന്റെ കുടുംബത്തിന് തുക കൈമാറിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുവൈത്ത് അധികൃതർ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഇന്ത്യൻ എംബസ്സിയിൽ ലഭിച്ചത്

Tags:    

Similar News