വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി കത്തോലിക്ക സഭ
ജീവനുള്ളതല്ലാം വിശുദ്ധമാണെന്നും സര്‍ക്കാര്‍ നടപ്പാക്കുന്ന കൊലയെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്നും നിര്‍ണായക പ്രഖ്യാപനത്തില്‍ പോപ് ഫ്രാന്‍സിസ് പറഞ്ഞു.
വധശിക്ഷയില്‍ നിലപാട് മാറ്റവുമായി കത്തോലിക്ക സഭ. എല്ലാ ജീവനുകളും പവിത്രമാണെന്നും, ഭരണകൂടം വധശിക്ഷ വിധിക്കുന്നത് ന്യായീകരിക്കാന്‍ ആകില്ലെന്നും സഭ വ്യകത്മാക്കുന്നു. സഭയുടെ പുതിയ നിലപാട് വേദപാഠത്തിന്റെ ഭാഗമാവുകയും ചെയ്യും.
നീതിബോധമില്ലാത്ത അക്രമിയില്‍ നിന്നും മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ വധശിക്ഷമാത്രമാണ് പോംവഴിയെങ്കില്‍ അതില്‍ വിരോധമില്ല. ഇതായിരുന്നു വധശിക്ഷയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കത്തോലിക്ക സഭയുടെ നിലപാട്. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
ഏതു തരത്തില്‍ വധശിക്ഷ നടപ്പാക്കിയാലും അത് നീതികരിക്കാനാവില്ല. മനുഷ്യത്വ രഹിതവും അപമാനകരവുമാണ്. ശിക്ഷ വിധിക്കുന്ന ജഡ്ജിമാരുടെ ഭാഗത്ത് തെറ്റ് വരാനുള്ള സാധ്യതയുണ്ടെന്നും സഭ വിശദീകരിക്കുന്നു. ജീവനുള്ളതല്ലാം വിശുദ്ധമാണെന്നും സര്‍ക്കാര്‍ നടപ്പാക്കുന്ന കൊലയെ ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെന്നും നിര്‍ണായക പ്രഖ്യാപനത്തില്‍ പോപ് ഫ്രാന്‍സിസ് പറഞ്ഞു.
വധശിക്ഷ നിര്‍ത്തലാക്കുന്നതുവരെ രംഗത്ത് ഇറങ്ങണമെന്നും ബിഷപ്പുമാര്‍ക്കയച്ച കത്തില്‍ വത്തിക്കാന്‍ വ്യക്തമാക്കി. വധശിക്ഷക്ക് എതിരെ മാര്‍പ്പാപ്പ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും കത്തോലിക്ക സഭ ഔദ്യോഗികമായി രംഗത്തുവരുന്നത് ഇതാദ്യമായാണ്. സഭയുടെ നിലപാട് മാറ്റം വേദപാഠത്തിന്റെ ഭാഗമാക്കാനും തീരുമാനമായി.
ആംനസ്റ്റി ഇന്റര്‍നാഷമലിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 23 രാജ്യങ്ങളിലായി 993 പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. ചൈന, ഇറാന്‍, സൌദി അറേബ്യ, ഇറാഖ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് വധശിക്ഷ കൂടുതലായും നടപ്പാക്കുന്നത്. 2017ല്‍ അമേരിക്കയില്‍ 23പേരെയും വധശിക്ഷക്ക് വിധേയമാക്കിയിരുന്നു.