രവി ബസ്രൂർ - ഡബ്സീ കൂട്ടുകെട്ടിൽ 'മാർക്കോ'യിലെ ആദ്യ ഗാനം പുറത്ത്

വിനായക് ശശികുമാറാണ് ഗാനത്തിൻറെ വരികൾ എഴുതിയിരിക്കുന്നത്

Update: 2024-11-22 18:17 GMT
Editor : ശരത് പി | By : Web Desk
Advertising

 മലയാളത്തിലെ തന്നെ ഏറ്റവും വയലൻറ് സിനിമ എന്ന ലേബലിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ ആദ്യ സിംഗിളായ 'ബ്ലഡ്' പുറത്ത്. റാപ്പർ ഡബ്സീ പാടി, 'കെ.ജി.എഫ്', 'സലാർ' എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം ചെയ്ത ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. വിനായക് ശശികുമാറാണ് ഗാനത്തിൻറെ വരികൾ എഴുതിയിരിക്കുന്നത്. ഡിസംബർ 20നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. മോളിവുഡിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറേതായി പുറത്തിറങ്ങിയ മലയാളം, ഹിന്ദി ടീസറുകൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം തെലുങ്ക് ടീസറും പുറത്തുവിട്ടിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ് തന്നെയാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്.

ആക്ഷന് വലിയ പ്രാധാന്യം നൽകി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സിൻറെ ആദ്യ നിർമ്മാണ സംരംഭമാണ്. 'മിഖായേൽ' സിനിമയുടെ സ്പിൻഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എൻറർടെയ്ൻമെൻറ്, പിആർഒ: ആതിര ദിൽജിത്ത്.

Full View

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News