'ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും വേണ്ട'; നിര്‍ദേശവുമായി വിദഗ്ധര്‍
ഭക്ഷണത്തിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുമ്പോ ശേഷമോ ചായയും കാപ്പിയും കഴിക്കരുതെന്നാണ് നിര്‍ദേശം
ഏവരുടേയും ദൈനംദിന ഭക്ഷണക്രമത്തിലെ പ്രധാന കാര്യങ്ങളാണ് ചായയും കാപ്പിയും. എന്നാല്‍ ചായ, കാപ്പി എന്നിവ ഉപയോഗിക്കുന്നതില്‍ മിതത്വം പാലിക്കണമെന്ന ഉപദേശവുമായി രംഗത്ത് വന്നിരിക്കയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍).
ഇന്ത്യയിലുടനീളം ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ പങ്കാളിത്തത്തോടെ മെഡിക്കല്‍ ബോഡി അടുത്തിടെ 17 പുതിയ ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതിലാണ് ചായയുടേയും കാപ്പിയുടേയും ഉപയോഗം ശ്രദ്ധിക്കണമെന്ന നിര്‍ദേശമുള്ളത്.
കാപ്പിയിലും ചായയിലും അടങ്ങിയ കഫൈന്‍ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും ഇത് മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുമെന്നുമാണ് ഐസിഎംആര്‍ ഗവേഷകര്‍ പറയുന്നത്. ഭക്ഷണത്തിന് ചുരുങ്ങിയത് ഒരു മണിക്കൂര്‍ മുമ്പോ ശേഷമോ ചായയും കാപ്പിയും കഴിക്കരുതെന്നും നിര്‍ദേശമുണ്ട്. ഇവയില്‍ അടങ്ങിയ ടാന്നിന്‍ ശരീരത്തിനു വേണ്ട ഇരുമ്പ് ആഗീരണം കുറയ്ക്കും. ഇത് അയേണ്‍ കുറവിനും അനീമിയ പോലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.
അമിതമായ കാപ്പി ഉപയോഗം ബ്ലഡ് പ്രഷര്‍ ഉയരുന്നതിനും ഹൃദയ സംബന്ധമായ പ്രശ്‌നത്തിന് ഇടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മീനുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധരുടെ ശുപാര്‍ശ.