'എന്നെ ചുടാൻ പാടില്ല'; ആശുപത്രിയിൽ കിടക്കുമ്പോൾ കമല സുരയ്യ പറഞ്ഞു

'എന്റെ കഥ' മലയാള നാടിൽ പ്രസിദ്ധീകരിച്ചു വന്ന കാലം മുതൽ അശ്ലീല ഫോൺവിളിയോ, കത്തോ, സംഭാഷണങ്ങളോ ഇല്ലാത്ത ഒരു ദിവസം അമ്മയുടെ ജീവിതത്തിലില്ലായിരുന്നു'

Update: 2022-03-12 06:49 GMT
Editor : abs | By : Web Desk
Advertising

ചിലരുടെ വാക്കുകളും എഴുത്തുകളും മാധവിക്കുട്ടിയെ (കമല സുരയ്യ) വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് മകൻ എം.ഡി നാലപ്പാട്ട്. അറിയാവുന്നവരിൽ നിന്നു പോലും തിക്തമായ അനുഭവങ്ങൾ അവർ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1973ൽ 'എന്റെ കഥ' മലയാള നാടിൽ ഖണ്ഡശ്ശഃയായി പ്രസിദ്ധീകരിച്ചു വന്ന കാലം മുതൽ അശ്ലീല ഫോൺവിളിയോ, കത്തോ, സംഭാഷണങ്ങളോ ഇല്ലാത്ത ഒരു ദിവസം അമ്മയുടെ ജീവിതത്തിലില്ലായിരുന്നു എന്നും അദ്ദേഹം ഓർത്തെടുത്തു. മാതൃഭൂമിക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എംഡി നാലപ്പാട്ട്.

ഒരു കനേഡിയൻ എഴുത്തുകാരി അമ്മയെ കുറിച്ച്, അവസാന കാലത്ത് ഇല്ലാക്കഥകൾ എഴുതിപ്പിടിപ്പിച്ചെന്നും നാലപ്പാട്ട് ചൂണ്ടിക്കാട്ടി.

'ഒരു കനേഡിയൻ എഴുത്തുകാരി അമ്മയുടെ യഥാർഥ ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയാത്ത തരത്തിൽ ഒരു പുസ്തകം എഴുതി. അമ്മയുടെ അവസാനകാലത്തായിരുന്നു അവർ സംസാരിച്ചത്. സ്വാതന്ത്ര്യം നിലനിർത്താൻ ജീവിതകാലം മുഴുവൻ പോരാടിയ ഒരു സ്ത്രീയെ, ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകിക്കൊണ്ട് സ്ത്രീത്വത്തെ ശാക്തീകരിക്കാൻ കരുത്തേകിയ ഒരു വ്യക്തിയെ, എല്ലാത്തരം സ്വാധീനങ്ങൾക്കും വിധേയപ്പെടുന്നവളായിട്ടാണ് ആ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. കനേഡിയൻ എഴുത്തുകാരി എഴുതിപ്പിടിപ്പിച്ചതിനെതിരെ കേസ് കൊടുക്കണമെന്നും പുസ്തകം നിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പലരും വ്യക്തിപരമായി എന്നോടാവശ്യപ്പെട്ടു. സൺഡേ ഗാർഡിയനിൽ ഒരു കോളം എഴുതിക്കൊണ്ടായിരുന്നു ഞാൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. കോളത്തിൽ ഞാൻ ഊന്നൽ കൊടുത്തത് അമ്മ എന്തിനെയാണ് അനുസരിക്കാതിരുന്നത് എന്നതാണ്-മനുസ്മൃതി സ്ത്രീകളോട് അനുശാസിക്കുന്ന മൂന്ന് കാര്യങ്ങളെയാണ് അമ്മ തന്റെ ജീവിതാവസാനം വരെ നിരാകരിച്ചത്. ഒന്നാമതായി സ്ത്രീകൾ തങ്ങളുടെ പിതാക്കന്മാരെ പൂർണമായും അനുസരിക്കുക, രണ്ടാമതായി ഭർത്താക്കന്മാരെ, പിന്നെ ആൺമക്കളെ- ഇത് മൂന്നും എതിർത്തുതന്നെ ജീവിക്കാൻ അമ്മ തുടക്കം മുതലേ തീരുമാനിച്ചു.''- അദ്ദേഹം കൂട്ടിച്ചേർത്തു.

മാധവിക്കുട്ടിയുടെ മതംമാറ്റത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും നാലപ്പാട്ട് ഓർത്തെടുക്കുന്നത് ഇങ്ങനെ;

'മതം മാറുന്നു എന്ന് അമ്മ പ്രഖ്യാപിക്കുന്നതിന്റെ വർഷങ്ങൾക്കു മുമ്പുതന്നെ അമ്മ ആ മതത്തിൽ ആകൃഷ്ടയായിരുന്നു. ക്ഷേത്രങ്ങളിൽ പോകാതെയും താൻ ജനിച്ച മതത്തിലെ ആചാരങ്ങളിൽ പങ്കുചേരാതെയും പതുക്കെയായിരുന്നു ആ മാറ്റം. പുറത്തുപോകുമ്പോൾ ഇടയ്ക്കിടെ ബുർഖ ധരിക്കുമായിരുന്നു. കുടുംബത്തിലെ ചില അംഗങ്ങളെ ബാധിക്കുമല്ലോ എന്ന കാരണത്താൽ അമ്മ തന്നെ അത് പുറത്തുപറയാതിരുന്നതാണ്. ഒരു ദിവസം അമ്മ എന്നെയും ഭാര്യ ലക്ഷ്മിയെയും വിളിപ്പിച്ചു. അമ്മ മതപരിവർത്തനം ആഗ്രഹിക്കുന്നു, പരസ്യമായി അതു പ്രഖ്യാപിച്ചാൽ ഞങ്ങൾക്ക് ബുദ്ധിമുട്ടാകുമോ എന്നാണ് അമ്മയ്ക്ക് അറിയേണ്ടത്. മൂത്ത മകൻ എന്ന നിലയിൽ, അമ്മയ്ക്ക് എന്റെ അഭിപ്രായം അറിയേണ്ടതുണ്ടായിരുന്നു. ഒരു പ്രശ്‌നവുമില്ല എന്ന് ഞാനും ഭാര്യയും ഉറപ്പുനൽകി. അമ്മ വളരെയധികം സന്തോഷവതിയായി.' തെരഞ്ഞെടുത്ത മതത്തിൽനിന്ന് തിരികെ വരുന്നതിനെ കുറിച്ച് മാധവിക്കുട്ടി ഒന്നും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇർഷാദ്, ഇംതിയാസ് എന്നീ അന്ധ സഹോദരങ്ങളെ അച്ഛനും അമ്മയും ദത്തെടുത്ത് സംരക്ഷിച്ചു വളർത്തിയിരുന്നു എന്നും നാലപ്പാട്ട് പറഞ്ഞു. ഇംതിയാസ് ഇന്ന് തിരക്കേറിയ ബാരിസ്റ്ററാണ്. ഇർഷാദ് കോളജ് പ്രൊഫസറും.

''ഇർഷാദിനെയും ഇംത്യാസിനെയും അവരുടെ മതനിഷ്ടകളോടെയായിരുന്നു അമ്മയും അച്ഛനും വളർത്തിയത്. ഇർഷാദിന് സാഹിത്യം വളരെ ഇഷ്ടമായിരുന്നു. അവന് സാഹിത്യകൃതികൾ പരിചയപ്പെടുത്തിക്കൊടുക്കുക, വിശദീകരിച്ചുകൊടുക്കുക, തന്റെ കൃതികൾ ചൊല്ലിക്കേൾപ്പിക്കുക തുടങ്ങിയവയെല്ലാം അമ്മയേറ്റെടുത്തു. അമ്മ ഏത് മതത്തിലായാലും ഏത് വസ്ത്രം ധരിച്ചാലും ഞങ്ങളുടെ അമ്മയാവാതിരിക്കില്ല. ഇർഷാദിനെയും ഇംത്യാസിനെയും ഏറ്റെടുക്കാനും വിദ്യാഭ്യാസം നൽകാനും ഞങ്ങളുടെ മാതാപിതാക്കൾ കാണിച്ച മനസ്സാണ് ഞങ്ങളുടെ സന്തോഷം. അതാണ് അവർ ഞങ്ങൾക്കു നൽകുന്ന ജീവിതപാഠം.'' - അദ്ദേഹം കൂട്ടിച്ചേർത്തു.

മാധവിക്കുട്ടിയുടെ ആദ്യകാല കവിതകൾ പ്രസിദ്ധീകരിക്കാൻ ആദ്യകാലത്ത് ഒരു പ്രസാധകരും തയ്യാറായിരുന്നില്ലെന്ന് നാലപ്പാട്ട് പറഞ്ഞു.

'അമ്മയുടെ ആദ്യത്തെ കവിതകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കാൻ തുടക്കത്തിൽ ഒരു പ്രസാധകരും തയ്യാറായിരുന്നില്ല. ഡൽഹിയിലെ ഒരു പ്രിന്റിങ് പ്രസ് ഉടമ 'സമ്മർ ഇൻ കൽക്കത്ത' എന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ സമ്മതം മൂളി; സാമ്പത്തികമായ ഉപാധികളോടെ! അച്ഛനായിരുന്നു അമ്മയുടെ ആദ്യപുസ്തകം വെളിച്ചം കാണാനുള്ള സാമ്പത്തികച്ചെലവുകളെല്ലാം വഹിച്ചത്. അമ്മയുടെ കഴിവിൽ അച്ഛന് നല്ല വിശ്വാസമുണ്ടായിരുന്നു. ഇന്ത്യയിലെ പ്രമുഖ ആഴ്ചപ്പതിപ്പുകളിൽ എഴുതണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അച്ഛന്റെ കസിൻ ആയിരുന്ന വിഖ്യാത എഴുത്തുകാരൻ ഓബ്രി മെനെനെക്കുറിച്ച് പംക്തി ഇല്സ്ട്രേറ്റഡ് വികലി ഓഫ് ഇന്ത്യയിൽ എഴുതിക്കൊണ്ടാണ് അമ്മ കോളമെഴുത്ത് തുടങ്ങിയത്. 'ഓബ്രി മെനെൻസ് റിലെറ്റീവ്‌സ്' എന്ന പേരിൽ എഴുതിത്തുടങ്ങിയ കോളം വലിയ തോതിൽ വായിക്കപ്പെട്ടു.'

മൈ സ്റ്റോറി പ്രസിദ്ധീകരിക്കപ്പെട്ട ശേഷം എഴുത്തുകാരൻ എംപി നാരായണപ്പിള്ളയുമായി ബന്ധപ്പെട്ട ഒരനുഭവം നാലപ്പാട്ട് പറയുന്നതിങ്ങനെ; 


 എംഡി നാലപ്പാട്ട് 

'മൈ സ്റ്റോറി പ്രസിദ്ധീകരിച്ചു വന്നിരുന്ന കാലം വളരെ ദുർഘടമായിരുന്നു ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം. ധാരാളം ഫോൺ കോളുകൾ വരും, സന്ദേശങ്ങൾ നിരവധിയുണ്ടാകും പോരാത്തതിന് അതിദീർഘമായ കത്തുകളും. പലതിലും അമ്മയോടുള്ള അശ്ലീലമായ അഭ്യർഥനകളായിരിക്കും ഒളിഞ്ഞും തെളിഞ്ഞും എഴുതിയിട്ടുണ്ടാവുക... ഞങ്ങളുടെ വളരെയടുത്ത സുഹൃത്തായിരുന്ന എം.പി നാരായണപ്പിള്ള, നാണപ്പൻ എന്നാണ് വിളിക്കുക, വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ഒരു ദിവസം ഒരു ഫോൺകോൾ വന്നു. വിളിയച്ചയാൾക്ക് സംസാരിക്കേണ്ടത് മൈ സ്റ്റോറി എഴുതുന്ന കമലാദാസിനോടാണ്. അദ്ദേഹം വിളിച്ചത് കമലാദാസിന്റെ ഒരു ദിവസം ബുക് ചെയ്യാനാണ്. പൂനെയിൽ നിന്നും ഒരു റിട്ടയേർഡ് കേണലാണ് വിളിക്കുന്നത് എന്നും പറഞ്ഞു. പൂനെയിലേക്ക് വരാനുള്ള ടിക്കറ്റും റിട്ടേൺ ടിക്കറ്റും അയാൾ തന്നെ ബുക് ചെയ്യാൻ സന്നദ്ധനാണ്. നാരായണപ്പിള്ളയാണ് ഫോൺ അറ്റൻഡ് ചെയ്തത്. എല്ലാം കേട്ടതിനുശേഷം നാരായണപ്പിള്ള പറഞ്ഞു ഐ ആം ആക്ച്വലി കമലാദാസ്. അപ്പോൾ റിട്ട.കേണൽ പറഞ്ഞു ''വാട്ട് യു മീൻ യു ആർ എ മാൻ.'' നാരായണപ്പിള്ള വിട്ടുകൊടുത്തില്ല. അദ്ദേഹം പറഞ്ഞു, ''നോ നോ കമലാദാസ് ഈസ് എ മാൻ നെയ്മിലി മൈസെൽഫ്. ബട് ഐ റൈറ്റ് അണ്ടർ ദ നെയിം കമല ദാസ്. അയാം ഹാപ്പി റ്റു കം ആൻഡ് മീറ്റ് യു. ഐ ഗിവ് യു മൈ അഡ്രസ് യു സെന്റ് മീ ദ ടിക്കറ്റ് ഐ വിൽ ഹാപ്പി റ്റു കം ഓൺ എ ഡേ വിത് യൂ...''കേണൽ ആകെ അപ്‌സെറ്റായി ഫോൺ കട്ട് ചെയ്തു.'

അവസാന കാലത്ത് അസുഖമായി കിടക്കുമ്പോൾ തന്നെ ചുടാൻ പാടില്ല എന്ന് കമല സുരയ്യ കർശന നിർദേശം നൽകിയിരുന്നതായി നാലപ്പാട്ട് ഓർത്തെടുക്കുന്നു.

' ആര്യോഗ്യനില വഷളായിക്കൊണ്ടിരിക്കേ അമ്മ ലക്ഷ്മിയോടും ദേവിയോടും പറഞ്ഞു; ''എന്നെ ചുടാൻ പാടില്ല.'' അത്രകാലവുമില്ലാത്ത ഗൗരവം അമ്മയുടെ മുഖത്തുണ്ടായിരുന്നു അതുപറയുമ്പോൾ. ലക്ഷ്മി പുറത്ത് വന്ന് അമ്മ സംസാരിച്ചതിനെക്കുറിച്ച് പറഞ്ഞു. അമ്മയുടെ ആജ്ഞയായി ഞാനത് സ്വീകരിച്ചു. രണ്ടു ദിവസം കൂടി അമ്മ അസുഖങ്ങളോട് മത്സരിച്ചു. 2009 മെയ് മുപ്പത്തിയൊന്നിന് അമ്മ വിടപറഞ്ഞു. അമ്മയുടെ ഭൗതികശരീരം ഏത് ആചാരപ്രകാരം സംസ്‌കരിക്കണം എന്നതിനെക്കുറിച്ച് സംസാരമുണ്ടായി. മൂത്ത മകനെന്ന നിലയിൽ എന്റെ തീരുമാനമായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. അമ്മയുടെ ആജ്ഞ അനുസരിക്കുക എന്നതാണ് മകനെന്ന നിലയിലുള്ള എന്റെ കടമ. അതു ഞാൻ നിറവേറ്റി.'  

അവസാന കാലത്ത് ഐസ്‌ക്രീം കഴിക്കാനുള്ള അമ്മയുടെ ആഗ്രഹം നിഷേധിച്ചത് ഇപ്പോഴും തന്നെ വേട്ടയാടുന്നതായി നാലപ്പാട്ട് പറയുന്നു.

'അമ്മയുടെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിൽ അമ്മയുടെ അടുത്തിരുന്നപ്പോൾ അമ്മ പറഞ്ഞു; 'എനിക്ക് ഐസ്‌ക്രീം വേണം.' ആരോഗ്യനില മൊത്തത്തിൽ മോശമായിരിക്കുന്ന സാഹചര്യത്തിൽ ഐസ്‌ക്രീം കൊടുക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലുമായില്ല. അമ്മയെ ചികിത്സിച്ചിരുന്ന ഡോക്ടർ നായ്ക് 'ഐസ്‌ക്രീം കൊടുത്തോളൂ' എന്ന് പറഞ്ഞിട്ടും എനിക്ക് മനസ്സ് വന്നില്ല. ഐസ്‌ക്രീമിനായി പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ കുനിഞ്ഞിരുന്ന് നെറ്റിയിൽ തലോടിക്കൊണ്ട് പറഞ്ഞു; 'പിന്നെ കഴിക്കാം അമ്മേ, തണുപ്പല്ലേ.' ഷുഗർ ലെവൽ പരിധിയും കഴിഞ്ഞ് കൂടിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർക്ക് പ്രതീക്ഷയില്ലാത്തതിനാലാണ് കൊടുത്തോളൂ എന്നു പറഞ്ഞത്. പക്ഷേ എനിക്ക് പ്രതീക്ഷ കൈവെടിയാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടായിരുന്നു പിന്നെ കഴിക്കാം എന്നു പറയാൻ തോന്നിയത്... വെറുമൊരു ഒരു ഐസ്‌ക്രീമായിരുന്നല്ലോ അമ്മ അവസാനമായി ആഗ്രഹിച്ചിരുന്നത്, അത് ഞാൻ നിഷേധിച്ചല്ലോ എന്ന സങ്കടം, കുറ്റബോധം ഒരുതരത്തിലും സഹിക്കാൻ കഴിയാതെ എന്നെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.' 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News