മുഅമിനാ റഗ്സ് | Short Story

| കഥ

Update: 2024-10-18 08:27 GMT
Advertising
Click the Play button to listen to article

മുര്‍തസായുടെ പരവതാനിക്കടയില്‍ ചെല്ലുമ്പോള്‍ അവന്‍ ഒരു പീഠത്തില്‍ ഇരുന്ന് കണ്ണുകളടച്ചു സാന്തൂര്‍ വായിക്കുകയായിരുന്നു.

''യാ.. മുര്‍തസാ...

സലാം അലേക്കും''

ഇബ്രു അഭിവാദ്യം ചെയ്തു. അവന്‍ ധ്യാനത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നു. കണ്ണുകള്‍ രാഗവിലോലം, കവിളുകള്‍ അരുണം, യൗവന തീക്ഷ്ണം.

''വലേക്കും സലാം യാ ഇബ്രാഹിം..''

ഇറാനിയായ മുസ്തഫാ അബ്യാദിന്റെ മകനായിരുന്നു മുര്‍തസാ. കടല്‍നീലനിറത്തിലുള്ള വൃത്താകൃതിയിലുള്ള ഒരു കാര്‍പെറ്റ് ഞാന്‍ അവിടെ കണ്ടുവെച്ചിരുന്നു.

നിലത്തിരുന്ന് എഴുതാന്‍ പാകത്തിനുള്ള ഒരു പ്രത്യേക മരത്താല്‍ നിര്‍cിക്കപ്പെട്ട ഒരെഴുത്തുമേശയുണ്ടായിരുന്നു എനിക്ക്. സിറിയക്കാരിയായ ഫാഥ്മാ ഹുലൂദ് സമ്മാനിച്ചതായിരുന്നു അത്.ആ മേശയ്ക്ക് അപൂര്‍വമായ ഒരു സുഗന്ധമുണ്ടായിരുന്നു. അതിലിരുന്നു എഴുതുവാന്‍ വേണ്ടിയാണ് ഞാന്‍ ആ പരവതാനി ആഗ്രഹിച്ചത്.

ഞാന്‍ ആയിടെയായി കാലിഗ്രാഫി പഠിയ്ക്കാന്‍ തുടങ്ങിയിരുന്നു. അതറിഞ്ഞപ്പോള്‍ പോളിഷ്ഡ് ബാംബൂ കൊണ്ടുള്ള ഖലമും, ലിക്കയും എനിയ്ക്ക് മുര്‍തസാ തരികയുണ്ടായി.

ലിക്ക, അതീവ ലോലമായ ഇറാനിയന്‍ പട്ടുനൂലിലായിരുന്നു.

അതു വെച്ച് 'കലിമത്ശഹാദ'യും, 'ആയതുല്‍ കുര്‍സി'യും സ്വര്‍ണ്ണ നിറത്തിലുള്ള തരികള്‍ കൊണ്ട് ഞാന്‍ എഴുതിയിരുന്നു.

പുലര്‍ച്ചകളില്‍ മരുഭൂമിക്ക് മുകളിലേക്ക് മഞ്ഞ് പൊഴിയുമ്പോള്‍ മസ്ജിദുല്‍ അബ്ബാസിന്റെ, പ്രാവുകളിരിക്കുന്ന വെള്ളത്താഴികക്കുടങ്ങള്‍ കാണാവുന്ന വിധത്തിലുള്ള ജനാലകള്‍ തുറന്ന്, ഫജര്‍ബാങ്ക് കേട്ട്, നീല വിരിപ്പിന്മേലിട്ട എഴുത്തു മേശയില്‍ വെച്ച് ഉദാത്തമായതല്ലാതെ മറ്റെന്തു രചിക്കാന്‍ കഴിയും?

ആ ജനലോരവും, അതിലൂടെ കാണുന്ന ചതുരലോകവും, കൊച്ചു എഴുത്ത് മേശയുമായിരുന്നു എന്റെയിടം.

മുറിയിലെ വെളിച്ചമണച്ച് പ്രാവുകളുടെ ചിറകനക്കങ്ങളും, കുറുകലും ചെവിയോര്‍ത്തു നില്‍ക്കുന്ന

ആ ജനാലക്കാഴ്ചയില്‍, മാനം ഇരുണ്ടു വെളുക്കുന്നതും, നക്ഷത്രങ്ങള്‍ ചിതറിപ്പോവുന്നതും, ചന്ദ്രബിംബം വെളിച്ചം തെറിപ്പിക്കുന്നതും, ഹൃദയം നിലക്കുമാറ് മിടിപ്പോടെ ഞാന്‍ നോക്കി നില്‍ക്കും.

മരിച്ചു പോയെങ്കില്‍ എന്ന് വ്യസനിക്കും. ആത്മാഹുതി ചെയ്താലെന്തെന്നു വ്യാമോഹിക്കും.

എനിക്ക് ആ പരവതാനി വല്ലാതെ ഇഷ്ടമായെന്ന് ഞാന്‍ ഇബ്രുവിനെ അറിയിച്ചു. അദ്ദേഹം അത് ശ്രദ്ധിച്ചില്ല. മുസല്ലകള്‍ തിരയുന്ന തിരക്കിലായിരുന്നു അപ്പോള്‍.

വെണ്മ ചൊരിയുന്ന ഒരു മുസല്ല അദ്ദേഹം തെരഞ്ഞെടുത്തു. അത് ചുരുട്ടിയെടുത്തപ്പോള്‍ ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ തോന്നി. ഞാന്‍ അത് വാങ്ങി കവിളത്തുരസിക്കൊണ്ടു നിന്നു.

എത്യോപ്യയില്‍ നിന്നുള്ള മേത്തരം ചെമ്മരിയാടുകളുടെ രോമം കൊണ്ട്, ഇറാനിലെ പരമ്പരാഗത നെയ്ത്തുകാര്‍ ഉണ്ടാക്കിയതാണത് എന്ന് മുര്‍തസ പറഞ്ഞു.

പീഠത്തിലിരിക്കുന്ന സാന്തൂറിന്റെ തന്ത്രികളില്‍ ഞാന്‍ ആരും കാണാതെ മെല്ലെ തൊട്ടു.

അത് കമ്പനനാദമുതിര്‍ത്തു. മുര്‍തസാ ചിരിച്ചു കൊണ്ട് എന്തോ പറഞ്ഞു. അവനെന്താണ് പറഞ്ഞതെന്ന് ഞാന്‍ ഇബ്രുവിനോട് ചോദിച്ചു. അദ്ദേഹം കൈമലര്‍ത്തി. അവന്‍ ഫാര്‍സിയാണ് സംസാരിച്ചതെന്ന് ഇബ്രു പറഞ്ഞു.

പിന്നെ രണ്ടുപേരും പൊട്ടിച്ചിരിച്ചു.

ഞങ്ങള്‍ മുസല്ല വാങ്ങിപ്പോന്നു.

മടങ്ങുമ്പോള്‍ എന്നെ വല്ലാത്തൊരു ഇച്ഛാഭംഗം ചൂഴ്ന്നു നിന്നു.

അതിലെ പോവുമ്പോഴെല്ലാം, ഞാന്‍ ആ കടയിലേക്ക് നോക്കുമായിരുന്നു.

അതിന്റെ മുന്‍വശത്ത് 'മുഅമിനാ റഗ്സ്' എന്ന ബോര്‍ഡില്‍ ഒരു പറക്കും പരവതാനിയിലിരുന്ന് മേഘങ്ങള്‍ക്ക് മുകളിലൂടെ പറന്നു പോവുന്ന രണ്ടു കമിതാക്കളുടെ ചിത്രമുണ്ടായിരുന്നു. ഒരു പ്രതിഭാധനനായ ചിത്രകാരന്‍ വരച്ചത്. അതില്‍ നേരിയ ചുവപ്പുള്ള ആകാശവും നീലിമയാര്‍ന്ന മേഘങ്ങളുമുണ്ടായിരുന്നു. 


അതിന്റെ താഴെയുള്ള മജ്ലിസില്‍ മുര്‍തസാ മിക്ക സമയവും ഇരുന്ന് സാന്തൂര്‍ വായിക്കുന്നത് കാണാറുണ്ട്.

അതിന്റെ മാസ്മര സംഗീതത്തില്‍ ലയിച്ച മുര്‍തസാ കണ്ണുകളടച്ചങ്ങനെ ഇരിക്കുമ്പോള്‍ കിന്നരം മീട്ടിക്കൊണ്ടിരിക്കുന്ന ഒരു ഗന്ധര്‍വ്വനാണെന്ന് എനിക്ക് തോന്നാറുണ്ട്.

മുര്‍തസായുടെ 'വീണ' എന്നാണ് ഇബ്രു പറയാറുള്ളത്. അത് പറഞ്ഞ് ഞാനെപ്പോഴും കളിയാക്കും.

ഒരു ദിവസം ഇബ്രു പറഞ്ഞു. ''മുര്‍തസ അസുഖ ബാധിതനായി ആശുപത്രിയിലാണ് അവനേക്കാണാന്‍ പോവുകയാണ് ''എന്ന്.

വൈകിട്ട് തിരിച്ചു വന്നപ്പോള്‍ ''കുഴപ്പമില്ല അവന്‍ സുഖമായിരിക്കുന്നു'' എന്നും പറഞ്ഞു.

ഒരു മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. മുര്‍തസായുടെ അസുഖം ഗുരുതരമായിട്ടുണ്ട് എന്ന്.

ഇബ്രു എന്നെയും കൂട്ടി ആശുപത്രിയിലേക്കിറങ്ങി. വഴിയില്‍ ഞാന്‍ വെറുതെ പരവതാനിക്കടയിലേക്ക് നോക്കി. അതാ മുര്‍തസാ കടയിലിരിക്കുന്നു.

ഞങ്ങള്‍ ഇറങ്ങി. പക്ഷേ മുര്‍തസാ എന്നോട് ചിരിച്ചില്ല. 'കൈഫല്‍ ഹാല്‍ മദാം' എന്ന് ചോദിച്ചില്ല.

അവന്‍ കുറച്ചു കൂടി ഉന്മേഷവനായിരിക്കുന്നു എന്നെനിക്ക് തോന്നി. പക്ഷേ, എന്നെ നോക്കിയതേയില്ല.

ഇബ്രു എന്തൊക്കെയോ സംസാരിച്ചു തിരിച്ചു വന്നു.

അവന്റെ പെരുമാറ്റത്തെപ്പറ്റി ഞാന്‍ ഇബ്രുവിനോട് ചോദിച്ചു.

അദ്ദേഹം പറഞ്ഞു '' അത് മുര്‍തസായല്ല, അവന്റെ ഇരട്ട സഹോദരന്‍ മുജ്തബയാണ് '' എന്ന്..!

അത്യപൂര്‍വ രൂപ സാദൃശ്യമുള്ള ഇരട്ടകള്‍.

ആശുപത്രിയില്‍ അധികം സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ ഞാന്‍ കാറില്‍ തന്നെ ഇരുന്നു.

മാസങ്ങള്‍ കഴിഞ്ഞു. ഞങ്ങളുടെ വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ട് മുറിയിലേക്ക് ചില സാധനങ്ങള്‍ വാങ്ങുവാന്‍ പോയി. അന്ന് 'മുഅമിനാ റഗ്സി'ല്‍ ഞാന്‍ ഒരു പാട് ആഗ്രഹിച്ച ആ നീല കാര്‍പെറ്റ് വാങ്ങുവാന്‍ വേണ്ടി കയറി. മുര്‍തസായുടെ മുന്‍പില്‍, ഒരു കണ്ണാടിയില്‍ തെളിഞ്ഞ പ്രതിബിംബം പോലെ മുജ്തബ. രണ്ടുപേരും മുഖാമുഖം ഇരുന്ന് ചെസ് കളിക്കുകയാണ്. അവര്‍ ഒരേസമയം ഞങ്ങളെ ചെരിഞ്ഞു നോക്കി. ഒരേ മാതിരി ചിരിച്ചു. ഒപ്പം എണീറ്റു വന്നു. ഒപ്പം സലാം ചൊല്ലി.

ശരിക്കും ഞാന്‍ അത്ഭുതപ്പെട്ടു. മുര്‍തസാ മുജ്തബയ്ക്ക് എന്നേ പരിചയപ്പെടുത്തി.

മുജ്തബ നെഞ്ചില്‍ കൈ ചേര്‍ത്ത് തലയല്പം കുനിച്ച് എന്നെ അഭിവാദ്യം ചെയ്തു.

അവര്‍ തമ്മില്‍ തമ്മില്‍ ഫാര്‍സിയില്‍ ആണ് സംസാരിച്ചിരുന്നത്. വെള്ള നിറത്തിലുള്ള തോബും തലപ്പാവും അണിഞ്ഞതിനാല്‍ വസ്ത്രം കൊണ്ടും അവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു പേരും കൈകോര്‍ത്തു പിടിച്ച് ഞങ്ങള്‍ പോവുന്നത് നോക്കി നിന്നു.

തിരിച്ചു പോരുമ്പോഴും എന്റെ മനസ്സില്‍ ആ മനോഹരമായ ദൃശ്യമായിരുന്നു.

ഞാന്‍ അതേപ്പറ്റി ഇബ്രുവിനോട് പറഞ്ഞു.

''മുജ്തബയുടെ കരളിന്റെ കഷ്ണമാണ് മുര്‍തസാ'' എന്ന് ഇബ്രു വേദനയോടെ ചിരിച്ചു.

മുര്‍തസാ വളരെ ശാന്തനും, മുജ്തബ വളരെ ഉത്സാഹിയുമാണ്. മുര്‍തസാക്ക് സംഗീതത്തിലാണെങ്കില്‍, മുജ്തബയ്ക്ക് കുതിരപ്പന്തയത്തിലായിരുന്നു കമ്പം.

മാസങ്ങള്‍ കഴിഞ്ഞു.

ഒരു ദിവസം ഇബ്രു വരാന്‍ ഒരുപാട് വൈകി. രാത്രിയില്‍ എപ്പോഴോ ക്ഷീണിതനായി വന്നു കയറി.

ഉറക്കം വരാതെ എഴുത്തു മേശയില്‍ ഇരുന്ന് എത്രയായിട്ടും ശരിയാവാതെ, പടര്‍ന്നു പോവുന്ന മഷി കൊണ്ട്

ഇഖ്‌ലാസ് സൂറത്തിലെ ആയ: കള്‍ കുത്തിക്കുറിയ്ക്കുന്ന എന്റെ മുന്‍പില്‍ ഇബ്രു മുട്ടു കുത്തിയിരുന്നു. പിന്നെ എന്റെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.

''മുര്‍തസാ മരിച്ചു'' എന്ന്.

എന്റെ കയ്യിലെ മഷിയില്‍ മുക്കിയ ഖലം താഴെ വീണ് എഴുത്തു മേശയ്ക്കടിയിലേക്ക് ഉരുണ്ടു പോയി.

മസ്ജിദുല്‍ അബ്ബാസിന്റെ ഖുബ്ബയിലുറങ്ങുന്ന പ്രാവുകള്‍ പടഹ ധ്വനിയോടെ പറന്നുയര്‍ന്നു.

നിലത്തു വിരിച്ച ആ നീലകാര്‍പെറ്റില്‍ ഞാന്‍ കമിഴ്ന്നു കിടന്നു. വല്ലാത്തൊരു വിഷാദം എന്നെ പൊതിഞ്ഞു.

ഒരു പറക്കും പരവതാനിയില്‍ മേഘങ്ങള്‍ക്കു മുകളിലൂടെ മുര്‍തസാ ഒഴുകിപ്പോവുന്നത് ഞാന്‍ കണ്ടു.

മസ്ജിദുല്‍ അബ്ബാസില്‍ നിന്നും കരളലിയിക്കുന്ന അസാന്‍ മുഴങ്ങി.

മുഅമിനാ റഗ്സില്‍ നിന്നും വാങ്ങിയ തൂവെള്ള എത്യോപ്യന്‍ മുസല്ലായില്‍ ഞാന്‍ പുറത്തേക്ക് നോക്കിയിരുന്നു,

''നാഥാ, വെള്ളം, മഞ്ഞ്, ഹിമം എന്നിവ കൊണ്ട് ഇദ്ദേഹത്തിന്റെ പാപങ്ങള്‍ കഴുകേണമേ,

ആദരപൂര്‍വ്വം ആതിഥ്യമരുളേണമേ..''

ജനാലയിലൂടെ നേരിയ പുലര്‍ വെട്ടം തലനീട്ടി. ചെങ്കടലിനെ തൊട്ട ഒരു സങ്കടക്കാറ്റ് മുറിയില്‍ ചുറ്റിത്തിരിഞ്ഞു.

കാലം അങ്ങനെ നീങ്ങിപ്പോയി.

ഞങ്ങള്‍ നാട്ടിലേക്ക് പോന്നു. മാസങ്ങള്‍ കഴിഞ്ഞു തിരിച്ചു ചെല്ലുമ്പോള്‍ 'മുഅമിനാ റഗ്സ്' അടച്ചിട്ടിരിക്കുന്നു.

ഒരാഴ്ചകഴിഞ്ഞു സാധനങ്ങള്‍ വാങ്ങുവാന്‍ വേണ്ടി സൂക്കിലേക്ക് പോയപ്പോഴാണ് കട വീണ്ടും തുറന്നിരിക്കുന്നത് കണ്ടത്. ഞങ്ങള്‍ ഇറങ്ങി.

പരവതാനിക്കടയില്‍, സംഗീതം ഇഷ്ടമില്ലാത്ത കുതിരയോട്ടക്കാരന്‍ സാന്തൂര്‍ വായിച്ചു കൊണ്ട് കണ്ണടച്ചിരിക്കുന്നു. കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നു.

മുര്‍തസാ എങ്ങും പോയിട്ടില്ലെന്നെനിക്ക് തോന്നി. ഒരാള്‍ അപരനായി മാറുന്ന, തന്റെ കരളിന്റെ പാതിയുമായി പോയവനിലേക്ക് ഒരുവന്‍ താദാദ്മ്യപ്പെടുന്ന ആ കാഴ്ച്ച ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു.

ഇബ്രു മുജ്തബയെ മാറോട് ചേര്‍ത്തു. നേരിയ തേങ്ങലിന്റെ ചീളുകള്‍ മുഅമിനാ റഗ്സിന്റെ തറയില്‍ വീണു ചിതറി.

എന്റെ കണ്ണുകള്‍ നിറഞ്ഞില്ല.

മുര്‍തസാ, നീയെങ്ങും പോയിട്ടില്ല. ഒരു സാന്തൂറിനുള്ളിലെ രാഗമായി ഒളിച്ചിരിപ്പായിരുന്നുവല്ലേ..

എന്ന് ഞാന്‍ ആകാശത്തേക്ക് നോക്കി.

'മുഅമിനാ റഗ്സി'ന്റെ ബോര്‍ഡില്‍ പറക്കും പരവതാനിയിലേറിപ്പോവുന്ന കമിതാക്കളുടെ ചിത്രത്തിനു മേലെ ഒരു അടയ്ക്കാക്കുരുവി വന്ന് വെറുതെ ചിലച്ചു കൊണ്ടിരുന്നു.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷബാന ബീഗം

Writer

Similar News

കടല്‍ | Short Story