യശോദാസ് ലൈബ്രറി: ഉടമയും നടത്തിപ്പുകാരിയും ഒമ്പതാംക്ലാസുകാരി

''എനിക്കൊരു ലൈബ്രറി തുടങ്ങണമെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു..'' ലൈബ്രറിക്ക് പിന്നിലെ കഥ പറഞ്ഞ് യശോദ

Update: 2021-06-19 05:28 GMT
By : Web Desk
Advertising

വായനക്കാര്‍ക്കായി സൌജന്യ ഗ്രന്ഥശാല ഒരുക്കിയ കൊച്ചു മിടുക്കിയുണ്ട് എറണാകുളത്ത്. മട്ടാഞ്ചേരി സ്വദേശി യശോദ ഡി ഷേണായിയാണ് ഈ ലൈബ്രറിയുടെ ഉടമ. യശോദയുടെ പുസ്തക ലോകം ഒന്ന് കാണേണ്ടത് തന്നെയാണ്. എല്ലാവരെയും വായനയുടെ ലോകത്തേക്ക് എത്തിക്കാൻ തന്നാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നത് മാത്രമാണ് ഈ മിടുക്കിയുടെ ആഗ്രഹം.

മൂന്നാംക്ലാസ് മുതല്‍ തന്നെ വായനയുടെ ലോകത്ത് താനെത്തി എന്ന് പറയുന്നു യശോദ. എല്ലാ കുട്ടികളെയും പോലെ ബാലരമയും പൂമ്പാറ്റയും വായിച്ചു തന്നെയാണ് താനും തുടങ്ങിയതെന്ന് അവള്‍ പറയുന്നു. അതൊരു യാത്ര തന്നെയായിരുന്നു. ആ യാത്രയ്ക്കിടയില്‍ നല്ലൊരു ചായ കുടിക്കുന്നത് പോലെ ഇടയ്ക്ക് ചില ആത്മകഥകളും മറ്റ് നല്ല പുസ്തകങ്ങളും വായിച്ചു. അതായിരുന്നു സത്യത്തില്‍ തുടക്കമെന്നും യശോദ പറയുന്നു.


പുസ്തകങ്ങള്‍ സംഘടിപ്പിച്ചത് എഫ് ബി കൂട്ടായ്മകളിലൂടെ

വായനശാലയെന്ന ആശയത്തിലേക്ക് എത്തുന്ന കഥ വളരെ രസമാണ്. എനിക്കൊരു ലൈബ്രറി തുടങ്ങണമെന്ന് ഞാന്‍ അച്ഛനോട് പറയാറുണ്ടായിരുന്നു. പക്ഷേ, അമ്മയും മുത്തശ്ശിയുമൊക്കെ നിരുത്സാഹപ്പെടുത്തി. അത് വലിയ ബാധ്യതയാണ്.. പണച്ചെലവാണ് എന്നൊക്കെ പറഞ്ഞു അവര്‍. പക്ഷേ അച്ഛന്‍ കട്ടയ്ക്ക് കൂടെ നിന്നു. നമുക്ക് നോക്കാം എന്നാണ് അച്ഛന്‍ പറഞ്ഞത്. ഒരു നൂറ് പുസ്തകങ്ങളൊക്കെ അച്ഛന്‍ വാങ്ങിത്തരാം... അതില്‍ കൂടുതലൊന്നും വാങ്ങിത്തരാന്‍ അച്ഛന് കഴിയുമെന്ന് തോന്നുന്നില്ല എന്നാണ് അന്ന് അച്ഛന്‍ പറഞ്ഞത്.

അച്ഛന്‍ എഫ് ബിയിലൊക്കെ സജീവമായി എഴുതാറുണ്ട്. അങ്ങനെ അച്ഛനാണ് എഫ് ബിയില്‍ പോസ്റ്റ് ഇട്ടത്. എന്റെ മകള്‍ക്ക് ഒരു ലൈബ്രറി തുടങ്ങാന്‍ ആഗ്രഹമുണ്ട്.. അത് സൌജന്യമായി തുടങ്ങണമെന്നാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞായിരുന്നു ആ പോസ്റ്റ്. യശോദ പറയുന്നു.

എനിക്കും എന്‍റെ  കൂട്ടുകാര്‍ക്കും വായിക്കാന്‍ ഒരു നൂറ് പുസ്തകങ്ങളൊക്കെയുള്ള ഒരു ഗ്രന്ഥശാല.. അത്രയേ ചിന്തിച്ചിരുന്നുള്ളൂ. പക്ഷേ പോസ്റ്റ് ഇട്ടതോടെ ആറായിരത്തിലധികം പുസ്തകങ്ങളാണ് സൌജന്യമായി എന്നെ തേടിയെത്തിയത്. 

കുട്ടിക്കളിയല്ല, ഇതൊരു പ്രൊഫഷണല്‍ ലൈബ്രറി

ഒരു സാധാരണ ലൈബ്രറി എങ്ങനെ മുന്നോട്ടു പോകുന്നുവോ അതുപോലെ പ്രൊഫഷണലായിട്ട് തന്നെയാണ് എന്‍റെ ഗ്രന്ഥശാലയും മുന്നോട്ടുപോകുന്നത്. ആദ്യം കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ പ്ലാന്‍ ചെയ്തത് എങ്കിലും ആയി വന്നപ്പോള്‍ അത് മുതിര്‍ന്നവര്‍ക്ക് കൂടിയുള്ള പുസ്തകങ്ങളായി മാറി. പല ഭാഷകളിലുള്ള പുസ്തകങ്ങളായി.. ഫ്രെഞ്ച് പുസ്തകം വേണോ, അയയ്ക്കട്ടെ എന്ന് ചോദിച്ച് വരെ ആളുകള്‍ വിളിച്ചു. ഞാന്‍ പറഞ്ഞു, ഫ്രെഞ്ച് വായിക്കാന്‍ അറിയുന്നവര്‍ ആരുമില്ല ഈ പ്രദേശത്ത്, അതുകൊണ്ട് നിങ്ങള്‍ മലയാളമോ, ഇംഗ്ലീഷോ പുസ്തകങ്ങള്‍ അയച്ചുതരാമോ എന്ന് തിരിച്ച് ചോദിക്കുകയാണ് ഉണ്ടായത്.

വായനശാല സൌഹൃദത്തിന്‍റെ  വേദി കൂടിയാവണം

ഗ്രന്ഥശാല എന്നത് വെറുതെ കുറച്ച് പുസ്തകങ്ങള്‍ വെക്കുന്ന ഒരിടമായി നിര്‍ത്താന്‍ എനിക്ക് താത്പര്യമില്ല. ഇതിനെ സൌഹൃദത്തിന്‍റെ ഒരു വേദി കൂടിയാക്കി മാറ്റണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കുട്ടികള്‍ക്ക് അതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാന്‍ ഞാനിവിടെ ഓരോ പ്രോഗ്രാമുകള്‍ ആഴ്ചയിലെങ്കിലും വെക്കാറുണ്ടായിരുന്നു. പക്ഷേ, കൊറോണ കാരണം ഇപ്പോ അതൊന്നും നടക്കുന്നില്ല.

ഈ കൊറോണക്കാലമെല്ലാം കഴിഞ്ഞ് നിങ്ങളെല്ലാവരും ഒരു വായനക്കൂട്ടമുണ്ടാക്കണം. ഇതുപോലെയുള്ള ഗ്രന്ഥശാലകള്‍ വീടുകളില്‍ സ്ഥാപിക്കണം. ലൈബ്രറികള്‍ ഉണ്ടാക്കിയാല്‍ മാത്രം പോര.. നിങ്ങള്‍ വായിക്കണം. നിങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാവരെയും വായിപ്പിക്കണം. വായനയുടെ ഒരു മാധുര്യം നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ തിരിച്ചറിയാനുള്ള ഒരു കാരണം നിങ്ങളാകണം. വായന എല്ലായ്പ്പോഴും നല്ലതാണ്.

Full View


Tags:    

By - Web Desk

contributor

Similar News