ഹമാസിന്റെ അപ്രതീക്ഷിത 'മിന്നലാക്രമണം'; ഇസ്രായേൽ വിറച്ച ഒക്ടോബർ 7
അമേരിക്കക്ക് സെപ്തംബർ 11പോലെ ഇസ്രായേലിന് എന്നും ഭീതിപ്പെടുത്തും ഒക്ടോബർ ഏഴ്. വൻശക്തികളുടെ പിന്തുണയോടെ കാലങ്ങളായി ഫലസ്തീൻ ജനതക്ക് മേല്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന പീഡനമുറകൾക്കൊരു മറുപടി കൂടിയായിരുന്നു ഹമാസിന്റെ അപ്രതീക്ഷിത കടന്നുകയറ്റം.
ഇസ്രായേൽ മാത്രമല്ല ലോകം തന്നെ പകച്ചുപോയ ദിനമായിരുന്നു 2023 ഒക്ടോബർ ഏഴ്. ലോകരാജ്യങ്ങുടെ സംരക്ഷണയാൽ വമ്പ് കാട്ടിയിരുന്ന ഇസ്രായേലിന്റെ നെറുകിനിട്ടായിരുന്നു ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണം. ഒന്നാംനിര രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും തങ്ങളുടെ അറിവോടെയല്ലാതെ ഒരു ഈച്ച പോലും കടക്കില്ലെന്ന ആത്മവിശ്വാസത്തിലുള്ള സാങ്കേതിക വിദ്യകളുമൊക്കെയുള്ള ഇസ്രായേലിലേക്ക് ഹമാസുപോലൊരു ചെറിയ സംഘടന എങ്ങനെ കടന്നുകയറി എന്നതിന് ഇപ്പോഴും ഉത്തരമില്ല.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന് ഒരു വര്‍ഷം ആകുമ്പോള്‍ ഹമാസിന്റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഇസ്രായേല്‍ ജനത ഇപ്പോഴും മുക്തരായിട്ടില്ല. ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ ഇപ്പോഴും പ്രതിഷേധം അരങ്ങേറുന്നുണ്ട്. ഗസ്സയില്‍ ആള്‍നാശം വിതക്കാനും ക്രൂരതകള്‍ അഴിച്ചുവിടാനും അധിനിവേശസേനക്കായെങ്കിലും ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഇപ്പോഴും അകലെയാണ്.
അമേരിക്കക്ക് സെപ്തംബർ 11പോലെ ഇസ്രായേലിനെ എന്നും ഭീതിപ്പെടുത്തും ഒക്ടോബർ ഏഴ്. വൻശക്തികളുടെ പിന്തുണയോടെ കാലങ്ങളായി ഫലസ്തീൻ ജനതക്ക് മേല്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന പീഡനമുറകൾക്കൊരു മറുപടി കൂടിയായിരുന്നു ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം. തെക്കൻ ഇസ്രായേലിലേക്ക് കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിൽ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. 250ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇസ്രായേലിന്റെ സുരക്ഷാസംവിധാനങ്ങളെ നാണംകെടുത്തുംവിധമുള്ള ഓപറേഷൻ കൂടിയായിരുന്നു ഹമാസിന്റേത്.
അപ്രതീക്ഷിതമായി വന്ന 'അല്‍ അഖ്‌സ പ്രളയം'
വാര്യാന്ത്യ അവധി ദിനത്തിലെ കളിചിരിയില്‍ മുഴുകിയിരിക്കുകയായിരുന്നു ഇസ്രായേല്‍ ജനത. നിനച്ചിരിക്കാത്ത നേരത്താണ് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘടനയായ ഹമാസ് അവിടേക്ക് കടന്നുചെല്ലുന്നത്. ഒരുവേള എന്താണ് സംഭവിക്കുന്നത് എന്നുപോലും ഇസ്രായേലുകാര്‍ക്ക് നിശ്ചയമില്ലായിരുന്നു. പേര് കേട്ട ഇസ്രായേലി പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ഹമാസിന് ഇങ്ങോട്ട് നോക്കാന്‍പോലും കഴിയില്ലെന്ന് കരുതിയിടിത്താണ് ആദ്യ തിരിച്ചടി കിട്ടുന്നത്.
ജറൂസലം, റാമല്ല ഉൾപ്പെടെ പല നഗരങ്ങളിലും ഹമാസ് പോരാളികൾ എത്തിയെന്നാണ് ഇസ്രായേൽ സൈന്യം തന്നെ വ്യക്തമാക്കുന്നത്. അതുവരെ എങ്ങനെയാണോ ഹമാസ് തിരിച്ചടിച്ചത്, അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടായിരുന്നു ഹമാസിന്റെ മുന്നേറ്റം. 'അല്‍ അഖ്‌സ പ്രളയം' എന്ന് പേരിട്ടുവിളിച്ച ആക്രമണത്തിന് നൂറുകണക്കിന് റോക്കറ്റുകളാണ് ഉപയോഗിച്ചത്. അതോടൊപ്പം തന്നെ കരയിലൂടെ ഹമാസ് പോരാളികള്‍ ഇസ്രായേല്‍ അതിര്‍ത്തി കടന്നും ആക്രമിച്ചു.
കരയില്‍ ഗ്രനോഡുകളും തോക്കുകളും കൊണ്ടും ആക്രമിച്ചു. സൈനികളെ ബന്ദികളാക്കുകയും ചെയ്തു. പൊടുന്നനെയുണ്ടായ മിന്നലാക്രമണത്തില്‍ ഇസ്രായേൽ ശരിക്കും വിറച്ചു. തെക്കന്‍ ഇസ്രായേലിലുടനീളം കൂട്ട സൈറണുകളാണ് മുഴങ്ങിയത്. അതോടെ ജനം പരിഭ്രാന്തരായി. ഇസ്‌റായേലിലെ സിദ്‌റത്തില്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിക്കാനും ഹമാസിന് കഴിഞ്ഞു. ഗ്രനേഡുകളും തോക്കുകളുമായി ഹമാസ് ഭടന്‍മാര്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള ഗസ അതിര്‍ത്തി ഭേദിച്ച് രാജ്യത്തെത്തിയതും ഇസ്‌റായേലിനെ ഞെട്ടിച്ചു. ഇസ്‌റായേലിലെത്തി സൈനിക ടാങ്കുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇസ്‌റായേല്‍ അധിനിവേശ കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഹമാസ് ആക്രമണത്തിന് തെരഞ്ഞെടുത്ത ദിവസത്തിനും പ്രത്യേകതയുണ്ടായിരുന്നു. ഇസ്‌റായേല്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനായി അറബ് രാഷ്ട്രങ്ങള്‍ യുദ്ധം തുടങ്ങിവച്ചത് 1973 ഒക്ടോബറിലായിരുന്നു. യോംകിപ്പൂര്‍ യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. അതിന്റെ വാര്‍ഷികത്തില്‍ തന്നെ ഹമാസ് തിരിച്ചടിച്ചു എന്നതാണ് പ്രത്യേകത.
എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഇസ്രായേൽ
ലോകത്തെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനം, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, പെഗാസസ് സ്‌പൈവെയര്‍ പോലുള്ള സൈബര്‍ നിരീക്ഷണ സംവിധാനങ്ങള്‍, ലോകരാഷ്ട്രങ്ങള്‍ ആശ്രയിക്കുന്ന ഇത്തരം സാങ്കേതിക വിദ്യകളൊക്കെ കൈവശം ഉണ്ടെങ്കിലും ഇതെല്ലാം മറികടന്ന് ഹമാസ് കടന്നുകയറിയത് ഇസ്രായേലിനെ നാണംകെടുത്തി. ഇസ്രായേൽ അതിന്റെ രഹസ്യാന്വേഷണ ഏജൻസികൾക്ക് വളരെക്കാലമായി പ്രശസ്തി നേടിയിട്ടുണ്ട്, പ്രത്യേകിച്ച് ആഭ്യന്തര സുരക്ഷയുടെ ഉത്തരവാദിത്തമുള്ള ഷിൻ ബെറ്റ്, അതിന്റെ വിദേശ രഹസ്യാന്വേഷണ സേവനമായ മൊസാദ്. ഇവയെല്ലാം ഉള്ളപ്പോൾ ഹമാസ് എങ്ങനെ കടന്നുകയറി എന്നത് ഇസ്രായേലിന് ഇപ്പോഴും പിടികിട്ടിയിട്ടില്ല.
പിന്നാലെ, ഇസ്രായേൽ മിലിട്ടറി ഇന്റലിജൻസ് മേധാവി മേജർ ജനറൽ അഹരോൺ ഹലീവ രാജിവച്ചു. ഹമാസിന്റെ ഒക്‌ടോബർ ഏഴിലെ ആക്രമണത്തിലുണ്ടായ ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജി. വിഷയത്തിൽ സ്ഥാനമൊഴിയുന്ന ആദ്യത്തെ മുതിർന്ന ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു അഹരോൺ ഹലീവ. അതേസമയം നൂറ്റാണ്ടുകളായി ഫലസ്തീനികള്‍ അനുഭവിക്കുന്ന ക്രൂരതകള്‍ക്കുള്ള മറുപടിയാണെന്നാണ് ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്ലഡിനെ ഹമാസ് വിശേഷിപ്പിച്ചത്.
ഹമാസിന്റെ ആസൂത്രിത സൈനിക നീക്കത്തിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. ഹമാസ് ബന്ദികളാക്കിയ സൈനികരുടെ കാര്യത്തില്‍ ഇപ്പോഴും ഇസ്രേയലിന് ഉത്തരമില്ല. ബന്ദികളെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലുടനീളം ഇപ്പോഴും പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. എന്നാല്‍ ഹമാസിനെ ഇല്ലാതാക്കാതെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നത്. വര്‍ഷം ഒന്നായെങ്കിലും ലക്ഷ്യം ഇപ്പോഴും അകലെയാണ്.