അവള്‍ പറഞ്ഞ കഥ | Short Story

| കഥ

Update: 2024-10-19 06:33 GMT
Advertising
Click the Play button to listen to article

അരണ്ട വെളിച്ചമുളള ആ ഏകാന്ത രാവിന് നിശബ്ദതയുടെ കൂട്ടുകൂടി ആയപ്പോള്‍ അയാള്‍ പേനയും കടലാസും കൈയിലെടുത്തു. തറയില്‍ ചമ്രം പടിഞ്ഞിരുന്ന് ചുമരില്‍ ചാരി കണ്ണുകളടച്ച് മുകളിലേക്ക് തല ഉയര്‍ത്തി പ്രാര്‍ഥനാപൂര്‍വം അല്‍പനേരം. അയാളെ സംബന്ധിച്ച് ഒരു കഥ ജനിക്കുവാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും ഒത്തു വന്നിരിക്കുന്നു. ഉള്ളം പിടക്കുകയാണ്. എന്നിട്ടും അക്ഷരങ്ങള്‍ അര്‍ഥമുള്ള വാക്കുകളായി മാറുന്നില്ല. പേന കൊണ്ട് കടലാസില്‍ ഒരു കുത്ത് മാത്രം ഇട്ട് അയാള്‍ വീണ്ടും ചിന്തയിലാണ്ടു. മങ്ങിയ വെളിച്ചത്തില്‍ വെളുത്ത കടലാസ് മാത്രം തിളങ്ങി.

പിന്നിലെ കാല്‍പ്പെരുമാറ്റം കേട്ട് ഞെട്ടലോടെ തിരിഞ്ഞ് നോക്കുമ്പോള്‍ ചെറു പുഞ്ചിരിയോടെ അവള്‍. എഴുത്തിന്റെ ആലോചനകള്‍ മനസ്സില്‍ വരാന്‍ തുടങ്ങുന്ന ദിവസങ്ങളില്‍ ഒരു കുസൃതി ചിരിയോടെ അവളെത്തും എല്ലാം അറിഞ്ഞെന്നപോലെ. അരികെ ഒരു കാമുകിയെപോലെ ചേര്‍ന്നിരുന്ന് അവള്‍ പുഞ്ചിരിച്ചു. അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണിന്റെ തിളക്കവും പുഞ്ചിരിയുടെ വശ്യതയും.

''വല്ലാത്ത ആലോചനയില്‍ ആണല്ലോ. ഇന്നത്തെ കഥയുടെ വിഷയം എന്താ?'' മുടിയിഴകളില്‍ വിരല്‍ പായിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

''ഭയം'' അയാള്‍ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു. അത്രയും നേരം വിഷയത്തെ കുറിച്ച് അനിശ്ചിതത്വത്തില്‍ ആയിരുന്ന അയാളില്‍ നിന്നും അറിയാതെ പുറത്ത് വന്നു. അവള്‍ ഉറക്കെ ചിരിച്ചു.

''ഭയം. നല്ല വിഷയ എഴുതൂ. ഞാന്‍ ഒന്ന് കാണട്ടെ''

അവളുടെ കുസൃതി നിറഞ്ഞ ആകാംഷ.

അകത്ത് കഥ പിടക്കുന്നുണ്ട്. പക്ഷേ, അക്ഷരങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുന്നു. അയാളുടെ നിസ്സഹായത അവളെ വീണ്ടും ഹരം കൊള്ളിച്ചു. അവളുടെ ഉച്ചത്തിലുള്ള ചിരി കേട്ട് അയാള്‍ക്ക് അസ്വസ്ഥത തോന്നി. പക്ഷേ, അവളെ പിണക്കുവാന്‍ അയാള്‍ക്കായില്ല.

''കഴിഞ്ഞ കഥയുടെ വിഷയം, ആര്‍ദ്രം. അങ്ങയുടെ കഥയെ വായനക്കാര്‍ നെഞ്ചേറ്റി. അഭിനദങ്ങള്‍ നിറഞ്ഞ കമന്റുകള്‍ എനിക്ക് കൂടി അവകാശപ്പെട്ടതാണ്''

അവളുടെ ചിരി വീണ്ടും. അയാള്‍ തല താഴ്ത്തി.

''ഭയം; ഇത്രയും നല്ല വിഷയം ഉള്ളില്‍ നിറഞ്ഞിട്ടും എഴുതാന്‍ ആകുന്നില്ലേ? അങ്ങയുടെ അനുഭവത്തിന്റെ അഭാവം തന്നെ. കഥാകാരന്‍ ചുറ്റുപാടുകളെ അറിയുന്നവന്‍ ആകണം. അങ്ങ് എന്റെ കഥ തന്നെ എഴുതൂ. ഭയം''. പിന്നെയും അവളുടെ ചിരി. ചിരിയുടെ ഒടുവില്‍ നേര്‍ത്ത തേങ്ങല്‍. 'അവളുടെ കഥ'.

ക്ലാസ്സ് കഴിഞ്ഞ് പതിവ് പോലെ വീട്ടിലേക്ക് ഓടി എത്തി. വിയര്‍പ്പിന്റെ നനവും കിതപ്പും വക വെക്കാതെ അമ്മയുടെ വിരിപ്പിന് അരികെ ഇരുന്നു. ഒറ്റമുറി വീടിന്റെ ചായ്പില്‍ തറയില്‍ വിരിച്ച പ്ലാസ്റ്റിക് ഷീറ്റില്‍ അമ്മ നിവര്‍ന്നു കിടപ്പാണ്. മൂത്രത്തിന്റെയും പല വിധ മരുന്നുകളുടെയും രൂക്ഷ ഗന്ധം. കണ്ണുകള്‍ മാത്രം ചലിപ്പിച്ചുകണ്ട് അമ്മ ഈ കിടപ്പ് തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി.

അടുക്കളയില്‍ നിന്നും പാത്രങ്ങളുടെ ശബ്ദം കേട്ട് ധൃതിയില്‍ അവള്‍ അങ്ങോട്ട് ഓടി. അടുപ്പത്ത് വെച്ച പാത്രത്തിലെ വെള്ളം തിളച്ചു തുടങ്ങിയിരുന്നു. തേയില ഇട്ട് ഗ്ലാസ്സിലേക്ക് പകര്‍ന്ന് അച്ഛനായി നീട്ടി. ചിരി മാഞ്ഞ മുഖത്ത് മധുരം ഇല്ലാത്ത ചായയോട് അറപ്പ് തോന്നുമ്പോലെ ഭാവമാറ്റം. അച്ഛന്‍ ഒരു ബീഡിക്ക് തീ കൊളുത്തി അലസമായി കട്ടിലില്‍ ഇരുന്നു. അപ്പോഴേക്കും അമ്മയുടെ മുഷിഞ്ഞു നാറി തുടങ്ങിയിരുന്ന വസ്ത്രങ്ങളും കിടക്ക വിരികളും മാറുവാന്‍ ഒരുങ്ങി. ചെറു ചൂട് വെള്ളത്തില്‍ തുണി മുക്കി എടുത്ത് അമ്മയുടെ മുഖവും കൈയും തുടച്ചു വൃത്തിയാക്കി. തന്റെ പതിവ് വൃതികളില്‍ മടുപ്പുകളേതുമില്ലാതെ വ്യാപൃതയായി. അപ്പോഴും അച്ഛന്‍ പുകച്ചുരുളുകളില്‍ ഗൂഢമായ ആനന്ദം കണ്ടെത്തുന്നു. 


അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ഇതും പതിവ് കാഴ്ചയാണ്. അമ്മയെ ചുറ്റിപ്പിടിച്ച് നെറ്റിയില്‍ ഉമ്മ കൊടുത്ത് ഒരു കുഞ്ഞിനോടെന്നപോലെ പുന്നരിച്ചു ചേര്‍ന്ന് കിടന്നു.

അവിചാരിതമായി തന്റെ കൈ തണ്ടയില്‍ മുറുകെ പിടിച്ച് ആരോ വലിച്ചപ്പോഴാണ് അമ്മയുടെ ചൂടില്‍ നിന്നും പിടഞ്ഞെഴുന്നേറ്റത്. അച്ഛന്റെ കൈകളാണെന്നറിഞ്ഞപ്പോള്‍ ഞെട്ടലില്‍ നിന്ന് മോചിതയായി, നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് ചോദിച്ചു ''എന്താ അച്ഛാ, ഇനിയും ചായ എടുക്കണോ? പഞ്ചസാര ഇല്ലാട്ടോ.'' പതുക്കെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴേക്കും അയാള്‍ തന്നെ കോരിയെടുത്ത് കട്ടിലിലേക്ക് എറിഞ്ഞു.

''അച്ഛാ..'' നിലവിളിച്ചുകൊണ്ട് എഴുന്നേറ്റു. ചലനമില്ലാത്ത അമ്മയുടെ കണ്ണുകള്‍ തീ ആളി. ചുണ്ടില്‍ എരിയുന്ന ബീഡിയുടെ അവസാനത്തെ പുക ആഞ്ഞ് വലിച്ചുകൊണ്ട് അയാള്‍ വേട്ടപ്പട്ടിയെ പോലെ കുതിച്ചു. അച്ഛന്റെ നെറ്റി ചുമരില്‍ ഇടിച്ച് ചോര ഒലിക്കുന്നത് കണ്ട് അവള്‍ക്ക് നൊന്തു. ''അയ്യോ, അച്ഛാ എന്താ ഈ കാണിക്കുന്നെ? ചോര.. നോവുന്നില്ലെ?''

തന്റെ ബലിഷ്ട കരങ്ങളെക്കൊണ്ട് ഒരു കുഞ്ഞു മേനിയെ കീഴടക്കുന്ന വന്യമായ ആനന്ദമായിരുന്നോ അയാളുടെ മുരള്‍ച്ചയില്‍. താഴെ മൂക സാക്ഷിയായി കിടന്ന അമ്മയുടെ ഒടുക്കത്തെ അലര്‍ച്ച അച്ഛനെ അസ്വസ്ഥമാക്കിയില്ല. അപ്പോഴേക്കും അമ്മയുടെ കണ്ണുകളുടെയും ചലനം നിലച്ചിരുന്നു. എന്നിട്ടും ആ കണ്ണുകള്‍ ഒഴുകി കൊണ്ടിരുന്നു.

അമ്മച്ചൂടിന്റെ അനിര്‍വചനീയമായ അനുഭൂതിയില്‍ നിന്നും, അച്ഛന്റെ കരസ്പര്‍ശത്തിലെ അര്‍ഥമാറ്റം അറിഞ്ഞ നിമിഷം കരള്‍ കരിഞ്ഞു പോയി. കോരിയെടുക്കുന്നത് മകളെന്ന സ്‌നേഹാര്‍ദ്രത നിറഞ്ഞൊരു പിതാവല്ലെന്നറിഞ്ഞപ്പോള്‍ ഹൃദയം സ്തംഭിച്ചു.

ഒന്നുറക്കെ അലറിക്കരയുവാന്‍ പോലും ആവാത്ത നിസ്സഹായതയില്‍ ഞാന്‍. ചുറ്റും ഭീകര ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ക്ഷുദ്രജീവികള്‍. ഓരോ അവയവങ്ങളും കൊത്തി വലിക്കുന്ന വന്യ മൃഗങ്ങള്‍. ചെറുത്ത് നില്‍പ്പിന്റെ ചെറിയ അനക്കങ്ങളെ പോലും കൂര്‍ത്ത നഖങ്ങളെ കൊണ്ട് അടക്കി നിര്‍ത്തപ്പെട്ടു. ക്രൂരമായ തൊഴിയുടെ ആഘാതത്തില്‍ കവിള്‍ പൊട്ടി ചോര ഒലിച്ചു. പെണ്ണുടലിനെ കാമാന്ധ പൗരുഷം ചോരയില്‍ മുക്കി. ജീവന്റെ തുടിപ്പുകള്‍ നിലച്ച് തീര്‍ന്നപ്പോള്‍ ഉലഞ്ഞു പോയ ഉടലെടുത്ത് അമേദ്യ കുഴിയില്‍ അടക്കം ചെയ്ത് അച്ഛന്‍ തിരിഞ്ഞ് പോകും നേരം ആ നെറ്റിയിലെ മുറിവില്‍ നിന്നും ഒരിറ്റ് ചോര തന്റെ കവിളില്‍ പടര്‍ന്നതവള്‍ അറിഞ്ഞു. രക്ത ബന്ധത്തിന്റെ ചൂട് നിറഞ്ഞ ചോര. 'അവളുടെ കഥ'.

ഹൃദയഭേദകമായ കഥക്കൊടുവില്‍ അവളുടെ ചിരി ഉയര്‍ന്നു. ആ ചിരിയുടെ മുഴക്കത്തില്‍ അയാള്‍ കണ്ണുകള്‍ ഇറുകെ അടച്ചു. വാക്കുകള്‍ വിരിയാത്ത വെള്ള പേപ്പറില്‍ നിറയെ അവളുടെ കണ്ണുകളില്‍ നിന്നൊഴുകിയ ചോര കുറെ കറുത്ത പ്പൊട്ടുകളായി നിറഞ്ഞു. അയാളുടെ നെറ്റിയില്‍ നിന്നും ഉതിര്‍ന്ന കട്ട പിടിച്ച ചോര കടലാസിലെ രക്ത പുള്ളികള്‍ക്കിടയിലൂടെ ഒരു പുഴുവിനെ പോലെ അരിച്ചു തുടങ്ങി.

ഒന്ന് അലറി വിളിക്കുവാന്‍ പോലും ആകാതെ ചോര പൊട്ടുകള്‍ നിറഞ്ഞ കടലാസ് നെഞ്ചോട് ചേര്‍ത്ത് വെച്ച് വിതുമ്പി കൊണ്ട് അയാള്‍ ആ ജയിലഴിക്കുള്ളില്‍ അവളുടെ കാലൊച്ച കേള്‍ക്കാനായി ബാക്കിയായി.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സിയ മഞ്ചേരി

Writer

Similar News

കടല്‍ | Short Story