ജോസേട്ടൻ പാടുമ്പോൾ ഉന്മാദത്തിൽ പറക്കുന്ന മണ്ണും മനുഷ്യരും
ആയിരത്തി തൊള്ളായിരത്തി എൺപതുകളോടെ ഗാനമേളകൾ ഉത്സവപറമ്പുകളിലേക്ക് ഇരച്ചുകയറി. നാടകങ്ങൾ ഉത്സവപറമ്പുകളിൽ നിന്നു പടി ഇറങ്ങുന്നതിന്റെ തുടക്കമായി. തമിഴ് സിനിമകളിലെ ‘അടിപൊളി’ പാട്ടുകൾ ഗാനമേളകളിലെ സ്ഥിരം ചേരുവയായി


ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട്. ഞങ്ങൾ പയ്യന്നൂർ കോളേജിൽ പ്രി-ഡിഗ്രിക്ക് പഠിക്കുന്ന സമയം. അന്നത്തെ എൻട്രൻസ് ജ്വരത്തിൽ ഡോക്ടർ ആവുക എന്ന സ്വപ്നത്തിന്റെ പുറത്ത് സെക്കൻഡ് ഗ്രൂപ്പ് എടുത്തു പഠിക്കാൻ ആഗ്രഹിച്ചു. ഒരാഴ്ച കൊണ്ട് ഡോക്ടർ ആകാൻ പോയിട്ട് കമ്പൗണ്ടർ പോലും ഞാനൊന്നും ആകില്ല എന്നു മനസ്സിലായി. പിന്നെ ജീവിതം പയ്യന്നൂർ കോളേജ് വരാന്തകളിലും പിന്നെ പയ്യന്നൂരിലെ സിനിമാ ടാക്കീസുകളിലും ആയി. സ്വാഭാവികമായും പട്ടികജാതിക്കാരായ കുട്ടികളുടെ ഏറ്റവും പിൻ ബെഞ്ചിലിരിക്കുന്നവരുടെ ഒരു ഗാങ് രൂപപ്പെട്ടു. അന്നു ‘പൂവിന് പുതിയ പൂന്തെന്നൽ’,‘മൂന്നാം മുറ’ പോലുള്ള സിനിമകൾ ഇറങ്ങിയതിനു ശേഷം ബാബു ആന്റണി വലിയ തരംഗമായ കാലം. മുടി നീട്ടി, കുറ്റിത്താടി വളർത്തി നടക്കുന്ന കൗമാരങ്ങളും യുവത്വങ്ങളും. മുടി നീട്ടി, കുറ്റിത്താടി വളർത്തി ബീഡി വലിച്ച ഡിഗ്രി ചേട്ടൻമാരുടെ ഒരു ഗാങും ഞങ്ങൾ ശ്രദ്ധിച്ചു. മുണ്ടുടുത്ത എസ്എഫ്ഐയുടെ സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യത്തിന്റെ ഇടയിൽ ഞങ്ങളുടെയും ആ ചേട്ടന്മാരുടെയും ഗാങ്ങുകൾ ബീഡി വലിച്ചു. കള്ള് കുടിച്ചു. ആ ചേട്ടന്മാരുടെ ഗാങ്ങിൽ ഉള്ള രഘുവരനെ പോലെയുള്ള ഒരു ചേട്ടനെ ഞങ്ങൾ ശ്രദ്ധിച്ചു.
ഒരിക്കൽ കോളേജ് ഡേ വന്നു. ഞങ്ങളുടെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അനിയത്തി ‘പാതിരാവായി നേരം’ എന്ന പാട്ട് പാടുന്നുണ്ട് എന്നറിഞ്ഞു. ആ പാട്ടിലെ ആദ്യത്തെ ആ സെക്സിയായ ഹമ്മിങ്ങിനു കൂവാനായി തയ്യാറെടുക്കുന്ന കോളേജിലെ പിള്ളേരുടെ കൂട്ടത്തിനു മുന്നിൽ ആ കുട്ടി എങ്ങനെ പാടും എന്നു കേൾക്കുവാനും കാണുവാനുമായി ഞങ്ങൾ കാത്തിരുന്നു. ആ കുട്ടി അത് ഗംഭീരമായി പാടി. ഞങ്ങൾ തരിച്ചിരുന്നു. പിന്നെ ജോസേട്ടന്റെ വരവായി. നേരത്തെ പറഞ്ഞ ഡിഗ്രി ഗാങ്ങിലെ രഘുവരനെ പോലെ മെലിഞ്ഞിരിക്കുന്ന ജോസ് ചേട്ടൻ. ജോസ് പ്രകാശ്. അയാൾ പാടിയ പാട്ട് ‘മുക്കാല മുക്കാബാല’ പാട്ടിൽ കോളേജ് ഒരു കടലിരമ്പം പോലെ ഇളകി. അത്രക്കും മാസ് ആയ ഒരു സ്പിരിച്ച്വൽ ഓറ ആ കോളേജിനെ മുഴുവനും ആവേശിച്ചു. ആ കോളേജ് മുഴുവനും ആ സ്റ്റേജിന് മുന്നിൽ തകർത്താടി. മണ്ണിൽ നിന്നും പൊടി പാറി. മാസ് ഹിസ്റ്റീരിയ ബാധിച്ച ആ കോളേജിനെ ആ പരിപാടിയിൽ നിയന്ത്രിക്കാൻ അതിന്റെ സംഘാടകർ നന്നേ പാടുപെട്ടു.
സാഹിത്യവും ഫുട്ബോളും ഭരതനാട്യവും ചിത്രം വരയും വായനയും സിനിമയും പ്രസംഗവും രാഷ്ട്രീയ സംഘർഷങ്ങളും പ്രണയവും എല്ലാം പൂന്ത് വിളയാടിയ പയ്യന്നൂർ കോളേജിന്റെ വരാന്തയിൽ ജോസേട്ടൻ ഒരു ഹീറോയായി. പെൺകുട്ടികൾ രഹസ്യമായും പരസ്യമായും ജോസേട്ടനെ പ്രണയിച്ചു. ഒരു നോട്ട് ബുക്ക് മാത്രം എടുത്തു കൊണ്ട് മെലിഞ്ഞ ജോസേട്ടൻ കോളേജ് വരാന്തയിലൂടെ നടന്നു. അന്നു ക്ലാസിന്റെ പിൻജനാലയിലൂടെ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടി ബി-ഗ്രേഡ് ഇംഗ്ലീഷ് പടം കണ്ട ഞങ്ങൾ ജോസേട്ടനെ ദൂരെ നിന്ന് ആരാധിച്ചു. ഒരു ജനസമൂഹത്തെ മുഴുവനായി ഒരു മാസ് ഹിസ്റ്റീരിയയിലേക്ക് കൊണ്ട് പോകുന്ന, തന്റെ പാട്ടിലേക്ക് ആകർഷിക്കുന്ന, യേശു ക്രിസ്തുവിന്റെ രൂപമുള്ള ആ മനുഷ്യന്റെ തലയ്ക്ക് ചുറ്റും ദൈവീകമായ ഒരു ഓറ ഞങ്ങൾ കണ്ടു. ജോസേട്ടൻ അപ്പോഴും ഒരു പാവമായി അന്നത്തെ ‘അരാഷ്ട്രീയ’ ഗ്രൂപ്പുകളിലൂടെ നടന്നു.
ജിത്ത് ജോസ്, ജോസ് പ്രകാശ്
പിന്നെ കുറെ വർഷങ്ങൾക്കു ശേഷം, പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം, അമൃത ടി.വിയിലെ സൂപ്പർ സ്റ്റാർ എന്ന ഒരു റിയാലിറ്റി ഷോയിൽ ജോസേട്ടനെ വീണ്ടും കണ്ടു. അതിനൊപ്പം ഞങ്ങളുടെ തൊട്ടടുത്ത അയൽപക്കത്തുള്ള ജിത്ത് എന്ന ഒരു ചെറുപ്പക്കാരനും ആ ഷോയിൽ പാടുന്നുണ്ടായിരുന്നു. ഗാനമേളകൾക്കു വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെയും (അവസാനത്തേതുമോ?) ആയ ഒരു റിയാലിറ്റി ഷോ ആയിരുന്നു അത്. പയ്യന്നൂരിലെ സ്വാതി (പേരു അത് തന്നെയാണെന്ന് തോന്നുന്നു), ജോസേട്ടനും ജിത്ത് ജോസും പാടി. ആ ട്രൂപ്പിന് അന്നു റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി. ജിത്ത് ജോസ് നാട്ടിലെ അറിയപ്പെടുന്ന പാട്ടുകാരനായി മാറി. പല ‘മലയാളി മാമൻമാരും’ അന്നു ജിത്തിന്റെ നീട്ടിയ മൂടിയെയും കളിയാക്കി. ഞങ്ങൾ താമസിച്ചിരുന്ന ഇടത്തെ ദളിത് ക്രിസ്ത്യാനിയായ ജിത്ത് ജോസ് പിന്നീട് മലബാറിലെ വേദികൾ കീഴടക്കി. ഇന്ത്യയിലും ലോകത്താകമാനവും സഞ്ചരിച്ചു ഗാനമേളകളിൽ പാടി. ആ കാലത്തും ജോസ് എട്ടനും ജോയ് പീറ്ററും ആയിരുന്നു ഗാനമേളകളിലെ സൂപ്പർ സ്റ്റാറുകൾ. ഡിഗ്രി കഴിഞ്ഞു കണ്ണൂർ വിട്ടതോടെ അത്തരം ഗാനമേളകൾ കാണുവാൻ ഞങ്ങൾക്കു ഭാഗ്യവും ഉണ്ടായില്ല.
ആയിരത്തി തൊള്ളായിരത്തി എൺപതുകളോടെ ഗാനമേളകൾ ഉത്സവപറമ്പുകളിലേക്ക് ഇരച്ചുകയറി. നാടകങ്ങൾ ഉത്സവപറമ്പുകളിൽ നിന്നു പടി ഇറങ്ങുന്നതിന്റെ തുടക്കമായി. തമിഴ് സിനിമകളിലെ ‘അടിപൊളി’ പാട്ടുകൾ ഗാനമേളകളിലെ സ്ഥിരം ചേരുവയായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ റോജ എന്ന സിനിമയിലൂടെ എ.ആർ റഹ്മാൻ ഇന്ത്യൻ സിനിമയിലെ വേറിട്ട ഒരു അക്കൗസ്റ്റിക് രീതികൾ വിപ്ലവാത്മകമായി മുന്നോട്ട് വെച്ചപ്പോൾ, ഗാനമേളകളിൽ എ.ആർ റഹ്മാൻ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായി. ഇളയരാജയുടെയും എ.ആർ റഹ്മാന്റെയും റോക്കിങ് പാട്ടുകളിലൂടെ ജോസ് എന്ന പാട്ടുകാരന് ഗാനമേള വേദികളിൽ ജനങ്ങളിലേക്കുള്ള ഹിസ്റ്റീരിയ ഒരു പകർച്ചവ്യാധിപോലെ പകർത്തയാടി.ജോസേട്ടന്റെ ‘മുക്കാല മൂക്കാബല’ കേരളമെങ്ങും തരംഗമായി.
ജോയ് പീറ്റർ,മുട്ടം പുരുഷു
കുറെ വർഷങ്ങൾക്കുശേഷം മുട്ടം പുരുഷു എന്ന ഗാനമേളയിൽ പാടുന്ന ഗായകനുമായും സംഘാടകനുമായും കലാകാരനുമായി സംസാരിക്കുമ്പോഴാണ് ഗാനമേളകളുടെ എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള പിന്നീടുള്ള ചരിത്രം കുറച്ച് ആഴത്തിൽ മനസ്സിലാക്കുവാൻ കഴിഞ്ഞത്. ഗാനമേളകൾ പിന്നീട് ഡാൻസ് ഷോകളായി മാറി. കലാഭവൻ മണിയെ പോലെയുള്ള കലാകാരന്മാർ അതിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ബാനർജി, പ്രസീത ചാലക്കുടി മുതൽ വേടൻ തുടങ്ങിയ കലാകാരന്മാർ ഗാനമേളകളിൽ നിന്നു വ്യത്യാസപ്പെട്ട് വിവിധ രീതികളുടെ വ്യത്യാസങ്ങളിലൂടെ കേരളത്തിലെ സ്റ്റേജുകൾ കീഴടക്കി. അതേ സമയം ഗാനമേളകൾ കേരളീയ സാംസ്കാരികതയുടെ മാറ്റങ്ങൾക്ക് അടിസ്ഥാനപ്പെട്ട് പല മെറ്റാമോർഫോസുകളിലൂടെയും കടന്നുപോയി. മെയിൻസ്ട്രീം സിനിമകളിൽ പാട്ടുകാരാകാൻ കഴിയാത്ത, അല്ലെങ്കിൽ അവിടെ എത്തിപ്പെടാൻ കഴിയാതെപോയ സബാൽട്ടേൺ സമൂഹങ്ങളിലെ നൂറുകണക്കിന് പാട്ടുകാർ ഗാനമേളകളിൽ നിറഞ്ഞാടി. അതുവഴി അവർ സാമ്പത്തികമായി കുടുംബം നോക്കുകയും ചെയ്തു. കോവിഡ് കാലത്ത് ഇവർ പട്ടിണിയായി. പക്ഷേ, കേരളത്തിലെ സാംസ്കാരികതയുടെ പരിണാമത്തിൽ അതിന്റെ ജീവിതത്തിലേക്ക് ഇരച്ചുകയറിയവർ ആയിരുന്നു ഗാനമേള കലാകാരന്മാർ.
ജോസേട്ടൻ ഇന്നലെ വിടപറഞ്ഞു. അതിനു മുമ്പ് തന്നെ പാട്ടുകാരൻ ജോയ് പീറ്ററും ഗിത്താറിസ്റ്റ് രഘുവേട്ടനും പോയിരുന്നു. ഇതെഴുതുമ്പോഴും, പയ്യന്നൂർ കോളേജിലെ തൊണ്ണൂറുകളിലെ വേദിയിൽ ഇലമൈ ഇതോ ഇതോ... എന്ന പാട്ട് ഓർമ്മകളിൽ സൗണ്ട് ബോക്സ് പൊളിച്ച് കൊണ്ടു ജോസേട്ടന്റെ ശബ്ദത്തിൽ ചെവിയിൽ ഇങ്ങനെ ഇരച്ചു കയറുകയാണ്. അയാൾ പാടുമ്പോൾ ഇപ്പോഴും ചുവന്ന മണ്ണ് പാറുന്നുണ്ട്..