കവിതയുടെ ചലനാത്മകത; പല ജീവിതങ്ങളുടേയും

ജീവിതങ്ങളുടെ, സവിശേഷമായി പെണ്ണുങ്ങളുടെ ജീവിത-അനുഭവ മണ്ഡലങ്ങളിലൂടെ അകം-പുറങ്ങളെ ഈ രചനകളൊക്കെയും അടയാളപ്പെടുത്തുന്നുണ്ട്. ഒരു ദാഹം പല ദാഹങ്ങളിലേക്ക് അല്ലികളടര്‍ത്തുകയാണ് ഈ കവിതകളിലൂടെയെന്ന് നിസ്സംശയം പറയാം. 'ഒരു ദാഹം അല്ലികള്‍ അടര്‍ത്തുന്നു - അശ്വിനി ആര്‍. ജീവന്‍ എഴുതിയ കവിതാ പുസ്തകത്തിന്റെ വായന

Update: 2023-01-16 06:09 GMT

കവിതയ്‌ക്കൊരു ചലനാത്മകതയുണ്ട്. വായനക്കാരുടെ തിടുക്കപ്പെടലുകളെ നിയന്ത്രിക്കാന്‍ തക്കവണ്ണമുള്ള വേഗനിയന്ത്രണത്തിന്റെ ചരട് കൈയിലുള്ള ഒന്ന്. ഏറിയും കുറഞ്ഞും താളത്തിലും താളരാഹിത്യത്തിലും അത് നീങ്ങിക്കൊണ്ടിരിക്കും. കവിതയിലെ ചലനാത്മകത സവിശേഷമായി പെണ്ണനുഭവങ്ങളിലൂടെ (കണ്ടതോ, അനുഭവിച്ചതോ, കേട്ടതോ അറിഞ്ഞതോ ആയ) അതിന്റെ ശരീരം കണ്ടെടുക്കുമ്പോള്‍ അതുവരേയ്ക്കും അറിയാതെയും കേള്‍ക്കാതെയും പോയ സ്പന്ദനങ്ങള്‍ നമ്മെ തൊട്ടുതലോടുന്നതറിയാം. അശ്വനി ആര്‍. ജീവന്റെ കവിതകള്‍ പേരും വേരുമില്ലാതെ പോയ കാരണോത്തിമാരുടെ ഭാഷയില്‍ ചലനോന്മുഖരാകുന്നു, ഏതൊക്കെയോ കാലങ്ങളിലേക്ക് ഇറങ്ങിനടക്കുന്നു. അവരുടെ ദാഹം നമ്മള്‍ നടന്നതിന്റെ, ദാഹം മുറ്റി തളര്‍ന്നതിന്റെ ഭാഷ കൂടിയാകുമ്പോള്‍ ജീവിതം, തന്റെ പുറന്തൊലി കളഞ്ഞ് ഉള്ളിലേക്കു കിനിഞ്ഞ് ഓരോ ജീവിതത്തിന്റെ, കവിതയുടെ അല്ലികളുമടര്‍ത്തി തളര്‍ന്നുപോയ പെണ്ണുങ്ങളുടെ ചോരിവായില്‍ നീരിറ്റിക്കുന്നു. ഇവിടെ ദാഹം എഴുത്തുകാരിക്ക് പ്രേരണയാണ്, തടുത്തുനിര്‍ത്താന്‍ കഴിയാത്തത്. ജീവിതത്തോളമാഴമുള്ള കവിതയുടെ വഴി;തന്റേയും.

വൈക്കം മുഹമ്മദ് ബഷീറില്‍ നിന്നും കേട്ട എടിയേ വിളിയിലെ സാരസ്യത്തില്‍ നിന്നും അശ്വനിയുടെ കവിതയിലെത്തുമ്പോള്‍ അതിന്റെ അനുഭവമണ്ഡലം നമ്മളില്‍ മറ്റൊരു ഭാവമാണുണ്ടാക്കുന്നത്. എടിയേ എന്ന കവിതയിലെ പ്രയോഗത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള വാചകങ്ങളില്‍ കവിതയുടെ രാഷ്ട്രീയം നിവര്‍ത്തിവയ്ക്കപ്പെടുന്നു.

അശ്വനിയുടെ കവിതകളില്‍ പെണ്‍ സാന്നിധ്യം പ്രത്യക്ഷമാണ്. പെണ്ണുങ്ങളുടെ കഥകളെ അശ്വനി അവയൊക്കെ കണ്ടും കേട്ടുമറിഞ്ഞ, അറിഞ്ഞുകൊണ്ടേയിരിക്കുന്ന ഒരുവളുടെ ഭാഷ്യത്തിലാണ് മിക്ക രചനകളിലും ആവിഷ്‌കരിക്കുന്നത്. അവരുടെ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കാത്തു കാത്തിരുന്നു വെന്തുപോയ ഉടലും സ്വയം തിരഞ്ഞു തിരഞ്ഞു ചുട്ടുപൊള്ളിയ അകവും പറയാതെ പോകുന്നതെങ്ങനെ. അത്തരം കവിതകളില്‍ സവിശേഷമായി ആഖ്യാനത്തിന് വാമൊഴിയുടെ സാധ്യതകള്‍ പരീക്ഷിക്കുന്നതായും നാടന്‍ പറച്ചിലുകളുടെ താളത്തില്‍ കവിത, ജീവിതങ്ങളുടെ കഥകള്‍ ആവിഷ്‌കരിക്കുന്നതായും കാണാം. കവയത്രിയുടെ ഉള്ളിലൊരു താളം ഉണര്‍ന്നു കിടക്കുന്നതുകൊണ്ടാകാം കെട്ടിച്ചൊല്ലിയ പെണ്ണ്, മുറുക്കാങ്കടല്, ഒരേ പൊരേമ്മത്തെ പലജാതി ജീവിതങ്ങള്‍, എടിയേ, നീലച്ച ഒരു കാട് പ്രളയത്തിലകപ്പെടും വിധം എന്നിവയിലൊക്കെ വായനാനുഭവത്തെ സ്വാധീനിക്കും വിധം പ്രത്യേകമായ പറച്ചിലിന്റെ ഈണം വെളിവാകുന്നത്. ഏറ്റവും സാധാരണക്കാരായ സ്ത്രീജീവിതങ്ങളുടെ തന്നെ ഭാഷയായവ അവിടെ കാലങ്ങളെ അതിവര്‍ത്തിച്ചും പരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്.

'നിന്റെ

കരിമറുകിലൊടുക്കമായി

തൊഴിച്ചിട്ട തെറിത്തോറ്റമണി-

ഞ്ഞെന്റെ പുതുപ്പെണ്ണായി

ചത്തു കിടക്കെടിയേ

എടിയേ

ചത്തു തൊലയെടിയേ'(എടിയേ) എന്നിങ്ങനെയുള്ള വരികളില്‍ കീഴ്‌പ്പെട്ടുപോയ സ്ത്രീയുടെ ദൈന്യത്തിനപ്പുറം ചത്തുതുലഞ്ഞുപോകേണ്ടവളെന്ന എടിയേ വിളിയില്‍ പോയ കാലത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന നീട്ടിവിളിയുടെ അധീശഭാവം നിഴലിക്കുന്നുണ്ട്. അത് ഇവിടം കൊണ്ട് തീരുന്നതല്ല. ഭാവിയിലേക്ക് കുത്തുകളിട്ട് നീട്ടിയെറിഞ്ഞിരിക്കുകയാണ് അതിന്റെ കൊളുത്ത്. വൈക്കം മുഹമ്മദ് ബഷീറില്‍ നിന്നും കേട്ട എടിയേ വിളിയിലെ സാരസ്യത്തില്‍ നിന്നും അശ്വനിയുടെ കവിതയിലെത്തുമ്പോള്‍ അതിന്റെ അനുഭവമണ്ഡലം നമ്മളില്‍ മറ്റൊരു ഭാവമാണുണ്ടാക്കുന്നത്. എടിയേ എന്ന കവിതയിലെ പ്രയോഗത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള വാചകങ്ങളില്‍ കവിതയുടെ രാഷ്ട്രീയം നിവര്‍ത്തിവയ്ക്കപ്പെടുന്നു. 'There is a politics of form as well as a politics of content' എന്ന ഈഗിള്‍ടണിന്റെ അഭിപ്രായത്തെ സാധൂകരിക്കും വിധമാണ് 'എടിയേ'എന്നതുള്‍പ്പെടെയുള്ള മേല്‍പ്പറഞ്ഞ കവിതകളുടെ രചനയെന്നത് ശ്രദ്ധേയമാണ്. ഇവയ്ക്കു പുറമേ ഹെയര്‍ പിന്നുകളില്‍ എഴുതപ്പെടാത്ത ചിലതിനെ ക്കുറിച്ച്, കണ്‍കെട്ട്, മറന്നിടത്തെ മുറിവ്, തെസ്‌നി മറിയം കല്യാണിയും പിന്നെ നാല് ചുണങ്ങുകളും, അന്ന് ഒരു നീളന്‍ പുല്ലു പായയാണ്, പെങ്ങള്‍, തയ്യല്‍ക്കാരന്‍ എന്നീ കവിതകള്‍ മുറിവുകളെ, ദുഃഖത്തെ, വിധേയത്വത്തെ, പലതരം നിസ്സഹായതകളെ, സ്‌നേഹരാഹിത്യത്തെയൊക്കെ അവതരിപ്പിക്കുന്നത് തിരിച്ചറിവുണ്ടാകുമ്പോള്‍ തന്നെ അവയോട് വിപ്ലവാത്മകമായ പ്രത്യക്ഷസ്വരങ്ങളൊന്നും പുറപ്പെടുവിക്കാതെ തനത് പരിതസ്ഥിതിയെ ഉള്‍ക്കൊണ്ട് ഗത്യന്തരമില്ലാതെയെങ്കിലും അവയോട് ചേര്‍ന്നു സമാന്തരമായി നീങ്ങിക്കൊണ്ടാണ്. അതില്‍ നിന്നും വ്യതിരിക്തമായി മഗ്ദലനയെന്ന കവിതയില്‍ ഒടുവിലായി ആഗ്രഹിക്കത്തക്കരീതിയില്‍ അവളെ (കവിതയിലെ) സ്‌നേഹിക്കുന്ന, മുലക്കണ്ണുകളിലുമ്മ വെച്ച്, കണ്ണിലേക്കു നോക്കി, മുറിഞ്ഞ മനസ്സെടുത്ത് തോരാനിട്ട് വിരലുകള്‍ കോര്‍ത്തു പിടിച്ച് ഏദന്‍തോട്ടത്തിലേക്ക് മെല്ലെ നടത്തുന്ന ഒരുവളെ കണ്ടെത്തുന്നതിലേക്ക് തിരിച്ചറിവിന്റെ, തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം വിശാലമാകുന്നുണ്ട് എന്നു കാണാം.


നിറയെ പേരുകളുള്ള ഒരുവളെന്ന കവിതയില്‍, തന്നെ തിരിച്ചറിയാത്ത ഇടത്തില്‍ നിന്നും തന്നെ അളന്നു മുറിച്ചു വെച്ച കോളങ്ങളില്‍, ചത്ത താരാട്ടും ചൂടാകാത്ത വെള്ളവും ചോറില്‍ നിന്നും കിട്ടിയ മുടിയും പെറുക്കിവെച്ച് ഇറങ്ങി നടക്കുന്ന ഒരുവളുണ്ട്. അവള്‍ തയ്യല്‍ക്കാരനെന്ന കലെ അയലത്തെ അഭിപ്രായത്തിന്റെ അഴയില്‍ ഉണക്കാനിട്ട പെണ്ണില്‍ നിന്നും ഏറെ ദൂരെയാണ്. ഇത്തരത്തില്‍ ചുറ്റുപാടുകളുടെ പാകപ്പെടുത്തലുകളെ പലരീതിയില്‍ അടയാളപ്പെടുത്തുന്ന സ്ത്രീജീവിതങ്ങളുടെ ആവിഷ്‌കരണങ്ങളാണ് 'ഒരു ദാഹം അല്ലികള്‍ അടര്‍ത്തുന്നു'എന്ന കവിതാസമാഹാരത്തിലെ മിക്ക കവിതകളിലും നിറഞ്ഞു നില്‍ക്കുന്നത്. ഇവയോടു ചേര്‍ന്ന് പ്രണയവും സ്‌നേഹവും അതിന്റെ അഗാധതയെന്നതില്‍ നിന്നും മാറി പരന്നൊഴുകുന്ന അനുഭൂതിപരതയുള്ള മറ്റു കവിതകളും ഈ കൃതിയിലുണ്ട്.

കണ്ണടച്ചു പരസ്പരം കുടിച്ചു വറ്റിക്കുന്ന പൂച്ചത്വമുള്ള പ്രണയവും പഴുക്കും തോറും പച്ചയായി നിലനില്‍ക്കുന്ന കാല്പനികത മുറ്റി നില്‍ക്കുന്ന പ്രണയവും 'അകത്ത് പുറം/പുറത്ത് അകം'എന്നിങ്ങനെ യൂണിഫോമെടുത്ത് വായിക്കുന്ന, പുസ്തകമെടുത്ത് ധരിക്കുന്ന അലിഞ്ഞുചേരലിലേക്ക് ഒറ്റമുറിക്കപ്പുറം കവിഞ്ഞുനില്‍ക്കുന്ന പ്രണയവുമൊക്കെ പ്രണയത്തിന്റെ നാനാതുറകളായി ഈ കവിതകളിലെ ചലനാത്മകതയ്ക്ക് താവളമൊരുക്കുന്നു.


'വീടെന്റെ കുഞ്ഞായും/കുഞ്ഞെന്റെ വീടായും/ചേര്‍ത്തുപിടിക്കു'മെന്ന അശ്വനിയുടെ വാക്കുകള്‍ പോലെ അനുവാചകര്‍ക്ക് വീടെന്ന പോലെ അറിയുന്ന ഇടത്തിന്റെ, പരിചിതമേഖലകളുടെ ഇഴയടുപ്പം ഈ കൃതിയിലെ രചനകളുമായി തോന്നും. അത്തരത്തില്‍ അവ ഉള്ളോട് ചേര്‍ത്തുപിടിക്കത്തക്കതായി തീരുമെന്നതിലും സംശയമില്ല. അതിലാണ് വായനക്കാരവരുടെ ജീവിതത്തിന്റെ ചലനാത്മകതയും കണ്ടെടുക്കുക എന്നതിലും തര്‍ക്കമേതുമില്ല. ജീവിതങ്ങളുടെ, സവിശേഷമായി പെണ്ണുങ്ങളുടെ ജീവിത-അനുഭവ മണ്ഡലങ്ങളിലൂടെ അകം-പുറങ്ങളെ ഈ രചനകളൊക്കെയും അടയാളപ്പെടുത്തു ന്നുണ്ട്. ഒരു ദാഹം പല ദാഹങ്ങളിലേക്ക് അല്ലികളടര്‍ത്തുകയാണ് ഈ കവിതകളിലൂടെയെന്ന് നിസ്സംശയം പറയാം.


കോഴിക്കോട് ധ്വനി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ശ്രീജയ സി.എം: കണ്ണൂര്‍ സര്‍വ്വകലാശാല മലയാളവിഭാഗം ഗവേഷക. കാസര്‍ഗോഡ്, കാഞ്ഞങ്ങാട് സ്വദേശി. മാതൃഭൂമി,മാധ്യമം, സ്ത്രീ ശബ്ദം എന്നിവയില്‍ കവിതകളും ഗുരുശബ്ദം മാസികയില്‍ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ശ്രീജയ സി.എം

Writer

Similar News

കടല്‍ | Short Story